’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്


കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷനിലാണ് യാത്രയയപ്പ് സുഹൃദ് സംഗമം നടത്തിയത്. പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി.

കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സി.പി.ആനന്ദൻ പടിയിറങ്ങുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഒരേ സമയം തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്നതിനോടൊപ്പം സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഒരു വ്യക്തി എന്ന നിലയിലും സി.പി.ആനന്ദൻ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടുണ്ടെന്നു എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ വിവിധ സംഘടനകളും വ്യക്തികളും സുഹൃത്തുക്കളും അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്തമായ മനസോടു കൂടിയാണ് പടിയിറങ്ങുന്നതെന്ന് മറുപടി പ്രസംഗത്തിൽ സി.പി.ആനന്ദൻ പറഞ്ഞു. ഈ കാലയളവിൽ താൻ പങ്കെടുത്ത രക്ഷാപ്രവർത്തനങ്ങളെ പറ്റിയും സഹപ്രവർത്തകരെ പറ്റിയും മറക്കാൻ പറ്റാത്ത അനുഭവങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു. മുൻകാലങ്ങളിൽ അനുഭവിച്ച തിക്തമായ ജീവിത അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിൽ തന്നെ കരുത്തനായ സേനാംഗമാക്കി മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന് ശേഷവും തന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നന്മയ്ക്കും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി മാറ്റി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.ഡി.ഒ, തഹസിൽദാർ, റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, മുനിസിപ്പൽ ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, മറ്റ് ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, മറ്റു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, പൊതുജനങ്ങൾ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ, കുടുംബാംഗങ്ങൾ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധി മേഖലകളിൽ ഉള്ളവർ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ് നന്ദി പറഞ്ഞു.