‘ഞാന്‍ മരിച്ചിട്ടില്ല’, മധുമോഹന്‍ പറയുന്നു; മരിച്ചെന്ന വാര്‍ത്ത നല്‍കി മാതൃഭൂമി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍


കൊയിലാണ്ടി: അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍. മാതൃഭൂമി, മറുനാടന്‍ മലയാളി, റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മധുമോഹന്‍ മരിച്ചതായി വാര്‍ത്ത നാല്‍കിയിരുന്നു. നടന്‍ മരിച്ചതായി സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധു മോഹന്റെ പ്രതികരണം.

പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടതാണ്. ഇതിന് പിന്നാലെ പോവാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മധുമോഹന്‍ പറഞ്ഞതായി മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരം അന്വേഷിച്ചറിയാതെ വാര്‍ത്ത നല്‍കുന്നത് ശരിയല്ല, ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമിയും റിപ്പോര്‍ട്ടറും നിലവില്‍ വാര്‍ത്ത പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകളും ലിങ്കുകളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.