ഉടുമ്പിനെ ജീവനോടെ തെങ്ങില്‍ കെട്ടിത്തൂക്കി, ഭീതിയോടെ പ്രദേശവാസികള്‍; പയ്യോളിയില്‍ ജാഗ്രതാസമിതി രൂപീകരിച്ച് നാട്ടുകാര്‍


പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങില്‍ ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കി. പയ്യോളി ഐ.പി.സി റോഡിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് സംശയിക്കുന്നത്.

നവംബര്‍ 26 നാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉടുമ്പിനെ കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പുറത്ത് നിന്ന് ശബ്ദങ്ങള്‍ കേട്ടതായി വീട്ടുകാര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ഭീതിയിലായി. വീട്ടുകാര്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് ഉടുമ്പ്. അതിനാല്‍ വനം വകുപ്പിനും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഐ.പി.സി റോഡ് മുതല്‍ തീര്‍ത്ഥ ഹോട്ടല്‍ വരെയുള്ള പ്രദേശത്ത് ലഹരി ഉപയോഗവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കിയ സംഭവം കൂടി ഉണ്ടായതോടെ പ്രദേശത്ത് ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു.

പയ്യോളി നഗരസഭയിലെ പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ.റസിയയാണ് ജാഗ്രതാ സമിതിയുടെ ചെയര്‍പേഴ്‌സണ്‍. രവികുമാര്‍ മാടയില്‍ (കണ്‍വീനര്‍), പി.പി.അബ്ദുള്‍ അസീസ് (വൈസ് ചെയര്‍പേഴ്‌സണ്‍), കെ.പി.സി.രാജീവന്‍ (ജോയിന്റ് കണ്‍വീനര്‍) സി.പി.ഫാത്തിമ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ലഹരി ഉപയോഗത്തിനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതിരോധ പരിപാടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതി നടത്തുമെന്ന് കെ.റസിയ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.