വടകരയിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല; പരാതി


വടകര: വടകരയിൽ വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിനെതിരെ യുഡിഎഫ് രംഗത്തെത്തി. മീഞ്ചന്ത ആർട്‌സ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്റ്റർക്ക് പരാതി നൽകി.

മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ അബ്ദുല്‍ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യു.ഡി.എഫ്. വടകര പാര്‍ലമെന്റ് മണ്ഡലം സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വി.പി. ദുല്‍ഖിഫില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ റിയാസിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇയാളെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി വിനിയോഗിച്ചതിനെതിരെയാണ് ദുല്‍ഖിഫില്‍ പുതിയ പരാതി നല്‍കിയത്.

പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ ചുമതലയില്‍ നിയമിച്ചത് നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ദോഷകരമായി ബാധിക്കും എന്നതിനാല്‍ മാറ്റിനിര്‍ത്തണമെന്ന് കലക്റ്റര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.