കൊട്ടിക്കലാശത്തില്‍ താരമായി ക്രയിനില്‍ ഉയര്‍ന്ന് അണികളെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍; വടകരയിലെ കലാശക്കൊട്ട് തലശ്ശേരിയില്‍


കോഴിക്കോട്: പരസ്യപ്രചാരണം തീരാനിരിക്കെ സംസ്ഥാനത്തെ ആവേശക്കടലാക്കി കലാശക്കൊട്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ നടത്തി.

ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. ക്രയിനില്‍ ‘ഉയര്‍ന്നുപൊങ്ങിയ’ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണത്തെ കൊട്ടിക്കലാശത്തിന്റെ പുതുമ. തിരുവനന്തപുരത്തും, കൊല്ലത്തും എറണാകുളത്തും, കാസര്‍കോട്ടുമെല്ലാം ക്രയിനില്‍ ഉയരങ്ങളില്‍ നിന്നുകൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

വടകരയിലെ കൊട്ടിക്കലാശം തലശ്ശേരി ടൗണിലാണ്. ചുവന്ന വാഹനത്തില്‍ ചുവന്ന കൊടിയേറി വാഹനത്തിലാണ് ശൈലജ ടീച്ചര്‍ വടകരയിലെത്തിയത്. വന്‍ജനാവലിയാണ് തലശ്ശേരിയില്‍ കൂടിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും അവസാന ഘട്ട പ്രചരണത്തിരക്കിലാണ്. അവരും ഉടനെ തലശ്ശേരിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം സമാപിക്കുക. 40 നാള്‍ നീണ്ട പ്രചാരണം തീരുമ്പോള്‍ കളം നിറഞ്ഞ് കവിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഉള്‍പ്പെടെ മറ്റന്നാള്‍ വിധിയെഴുതും.

പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന് രാവിലെ മുതല്‍ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. വിട്ടുപോയസ്ഥലങ്ങളില്‍ ഒരുവട്ടം കൂടി സ്ഥാനാര്‍ത്ഥികളെത്തി. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഒന്നുമുഖം കാണിച്ചുപോകാനും സ്ഥാനാര്‍ത്ഥികള്‍ ശ്രമിച്ചു.