ഇതുവരെ കണ്ടതൊന്നുമല്ല, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ചൂട് ഇനിയും കൂടും; ഉഷ്ണതരംഗ മുന്നറിയിപ്പ്


കോഴിക്കോട്: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ രണ്ടു ഡിഗ്രിവരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് കൂടാന്‍ സാധ്യത പറയുന്നത്. ഇവിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നതിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതിനൊപ്പം കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.