സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; കരുതല്‍ വേണമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ നൂറ് ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ദേശിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന.

ആകെ ഇന്നലെ 100. 1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉപയോഗിക്കുന്നതിന്റെ 78.82% വൈദ്യുതിയും നിലവില്‍ പുറത്തുനിന്നും എത്തുന്നതാണ്. ചൂട് കൂടിയാല്‍ ഇനിയും വൈദ്യുതി ഉപഭോഗം കൂടും. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം കാരണമാകാം. അതിനാല്‍ തന്നെ വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് കെ.എസ്ഇ.ബി.