കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാർ, നരബലിക്കായി എത്തിച്ചത് സിനിമയിൽ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്; കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്


Advertisement

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ ആദ്യത്തെ കൊലപാതകം നടന്നത് ജൂൺ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തൽ. കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂർ സ്വദേശിയായ ഷിഹാബും(ഷാഫി) ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ പത്മത്തെ ഇലന്തൂരിൽ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാരികളാണ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇവരെ ഷാഫി ഇലന്തൂരിലെത്തിച്ചത്. നീലച്ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഷാഫി കൊലപ്പെടുത്താനായി കൊണ്ടപോയത്.

Advertisement

കേരളത്തെ ഞെട്ടിച്ച നരബലിയിൽ പെരുമ്പാവൂർ സ്വദേശി ഷിഹാബ്, പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. എറണാകുളം കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിൻ, കടവന്ത്രയിൽനിന്ന് കടത്തിക്കൊണ്ടുപോയ പത്മം എന്നിവരെയാണ് ഇവർ അതിക്രൂരമായി കൊലപ്പെടുത്തിയത്.

പിടിയിലായ ഷിഹാബാണ് സംഭവങ്ങളുടെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാൾ വൈദ്യനായ ഭഗവൽസിങ്ങുമായി അടുപ്പം സ്ഥാപിക്കുന്നത്. സ്ത്രീയാണെന്ന വ്യാജേന ഭഗവൽസിങ്ങുമായി ചാറ്റ് ചെയ്തിരുന്ന ഷിഹാബാണ് തന്റെ അറിവിൽ റഷീദ് എന്ന പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാൽ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചത്. തുടർന്ന് റഷീദ് എന്ന സിദ്ധനായി ഷിഹാബ് തന്നെ ഭഗവൽ സിങ്ങിന് മുന്നിൽ അവതരിച്ചു. ഫോണിൽ വിളിച്ച ഭഗവൽസിങ്ങിനോട് സാമ്പത്തിക അഭിവൃദ്ധിക്കായി ചില ആഭിചാരക്രിയകൾ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഷിഹാബ് ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് ആഭിചാരക്രിയകളുടെ ഭാഗമായി ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേർപ്പെട്ടു.

Advertisement

ഭർത്താവായ ഭഗവൽ സിങ്ങിന്റെ മുന്നിൽവെച്ചാണ് ഷിഹാബ് ലൈലുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള പൂജയുടെ ഭാഗമായി ഇതെല്ലാം വേണമെന്നാണ് ഷിഹാബ് ദമ്പതിമാരോട് പറഞ്ഞിരുന്നത്. ഇതിനുശേഷം ദമ്പതിമാരും ഷിഹാബുമായുള്ള ബന്ധം കൂടുതൽ ദൃഢമായി. ഇതിനിടെയാണ് ഐശ്വര്യത്തിനായി നരബലി നടത്താമെന്ന ആശയം ഷിഹാബ് മുന്നോട്ടുവെച്ചത്. സ്ത്രീകളെയാണ് ബലി നൽകേണ്ടതെന്നും സ്ത്രീകളെ താൻ തന്നെ എത്തിച്ചുനൽകാമെന്നും ഇയാൾ പറഞ്ഞു.

നരബലി നൽകിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവൽ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്നറിയാൻ ഭഗവൽ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നൽകിയതോടെ നരബലിയിലേക്ക് കടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവൽ സിങ് അപ്പോഴും അറിഞ്ഞിരുന്നില്ല.

Advertisement

റോസ്‌ലിനെയാണ് പ്രതികൾ നരബലിക്കായി ആദ്യം കണ്ടെത്തിയത്. കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്‌ലിനെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഷിഹാബ് പരിചയപ്പെട്ടത്. നീലച്ചിത്രത്തിൽ അഭിനയിക്കാനാണ് അവസരമുള്ളതെന്നും പത്തു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും വാഗ്ദാനം ചെയ്തു. ഇതോടെയാണ് റോസ്‌ലിൻ കൊലയാളികളുടെ കെണിയിൽ കുടുങ്ങിയത്. തുടർന്ന് റോസ്‌ലിനെ ഇലന്തൂരിലെ ദമ്പതിമാരുടെ വീട്ടിലെത്തിച്ചു. കട്ടിലിൽ കെട്ടിയാണ് മൂന്നുപ്രതികളും റോസ്‌ലിനെ തലയറുത്ത് കൊലപ്പെടുത്തിയത്. ലൈലയാണ് ആദ്യം റോസ്‌ലിന്റെ കഴുത്തിൽ കത്തിവെച്ചതെന്നാണ് വിവരം. തുടർന്ന് ഇവരുടെ ജനനേന്ദ്രിയത്തിൽ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തിൽ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ഈ രക്തമെല്ലാം ശേഖരിച്ച് പിന്നീട് വീടിന്റെ പല ഭാഗങ്ങളിലും തളിച്ച് ശുദ്ധീകരണം നടത്തി. തുടർന്ന് കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരിൽനിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷിഹാബ് ഇലന്തൂരിൽനിന്ന് മടങ്ങിയത്.

ആദ്യത്തെ നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവൽ സിങ് പരാതിപ്പെട്ടതോടെയാണ് പ്രതികൾ രണ്ടാമത്തെ നരബലിക്ക് മുതിർന്നത്. ആദ്യത്തെ നരബലിക്ക് ഫലം ലഭിക്കാത്തതിന് കാരണം കുടുംബത്തിന്മേലുള്ള ശാപമാണെന്നായിരുന്നു ഷിഹാബ് വിശ്വസിപ്പിച്ചത്. രണ്ടാമത്തെ നരബലിയോടെ ഇത് മാറുമെന്നും പൂർണമായും ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചു. തുടർന്നാണ് രണ്ടാമത്തെ ഇരയായ പത്മയെ ഷിഹാബ് കണ്ടെത്തിയത്. കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെയും നീലച്ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടർന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് റോസ്‌ലിനെ കൊലപ്പെടുത്തിയ അതേരീതിയിൽ തന്നെ പത്മത്തെയും പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.

സെപ്റ്റംബർ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബർ 27-ന് ബന്ധുക്കൾ ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിൽ പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടർന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്. പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷിഹാബിനെയും ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.


Sumary: Elanthoor Human sacrifice: The two victims who were killed were lottery sellers, who were brought for human sacrifice by promising to give them a chance in the movie