‘നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥ, ഇനിയും മനുഷ്യജീവന്‍ കുരുതി കൊടുക്കാന്‍ അനുവദിക്കില്ല’; കൊയിലാണ്ടി നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടയുന്നു


കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി കരാറെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ തടയുന്നു. വാഗാഡ് വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഗാഡിന്റെ ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചിരുന്നു.

ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടിയില്‍ തടഞ്ഞ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. കമ്പി ഉള്‍പ്പെടെയുള്ള ലോഡ് കയറ്റി വരികയായിരുന്ന ഈ ലോറികള്‍ക്ക് പിന്നില്‍ വാതിലും ഇല്ല.

വാഗാഡ് വാഹനങ്ങളുണ്ടാക്കിയ അപകടങ്ങള്‍ കാരണം കൊയിലാണ്ടിയില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ലോഡ് കയറ്റിയ ലോറികള്‍ പിന്നില്‍ വാതിലില്ലാതെ അപകടകരമായ ഓടുന്നത് കൊയിലാണ്ടിയിലെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്.

വാഗാഡിന്റെ പല വാഹനങ്ങള്‍ക്കും കൃത്യമായ നമ്പര്‍ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ല. വാഹനങ്ങളുടെ പിന്‍വശത്ത് വ്യക്തമായി നമ്പര്‍ പ്രദര്‍ശിപ്പിക്കണമെനാനാണ് നിയമമെങ്കിലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്ന പോലെയാണ് വാഗാഡിന്റെ വാഹനങ്ങള്‍ ചീറിപ്പായുന്നത്.

പിറക് വശത്ത് പലപ്പോഴും നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടാകാറില്ല. നമ്പര്‍ ഉണ്ടെങ്കില്‍ തന്നെ പിന്നിലെയും മുന്നിലെയും വശങ്ങളിലെയുമെല്ലാം നമ്പറുകള്‍ വ്യത്യസ്തമായിരിക്കും. ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് വാഗാഡിന്റെ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതെന്ന് നേരത്തേ രേഖകള്‍ സഹിതം പുറത്ത് വന്നിരുന്നു. വണ്ടി ഓടിക്കുന്നത് ലൈസന്‍സില്ലാത്തവരാണെന്നും ആരോപണമുണ്ട്.

വാഗാഡിന്റെ വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുമ്പോഴും യാതൊരു നടപടിയുമെടുക്കാത്ത അധികൃതര്‍ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. വ്യക്തമായ തെളിവുകളോടെ നിയമലംഘനങ്ങള്‍ പുറത്ത് വന്നിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണ്.

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ തടഞ്ഞത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബബീഷ് ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ്, ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, അജീഷ്, ഫര്‍ഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.