ലഹരിക്കെതിരെയുള്ള സംഘടിത പ്രതിരോധം കേരളത്തിലുടനീളം വളര്‍ത്തണമെന്ന് സമദാനി: ലഹരിയ്‌ക്കെതിരെ കൊയിലാണ്ടിയില്‍ ജനകീയവേദിയുടെ ജനകീയ പ്രതിരോധം


കൊയിലാണ്ടി: കേരളീയ സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വന്‍ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ലഹരിമാഫിയയെ ചെറുക്കാന്‍ ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ഇത്തരം നീക്കങ്ങള്‍ കേരളത്തിലുടനീളം വളര്‍ത്തിയെടുക്കണമെന്നും ഡോ എം.പി.അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ പുതിയ ജനവിരുദ്ധ നയം തിരുത്തുക. ലഹരിമാഫിയയെ തുരത്തുക എന്ന ആവശ്യമുന്നയിച്ച് ലഹരി വിരുദ്ധ ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പുതിയ മദ്യനയം തിരുത്തുക, ലഹരിമാഫിയകളെ നിയന്ത്രിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യം നിരോധിക്കാനുണ്ടായിരുന്ന സര്‍ക്കാര്‍ റദ്ദ് ചെയ്ത അധികാരം പുനസ്ഥാപിക്കുക. സ്‌കൂള്‍ കോളേജ് പാഠപുസ്തകങ്ങളില്‍ ലഹരിക്കെതിരെയുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ അസീസ് മാസ്റ്റര്‍, വി.വി.സുധാകരന്‍, നുറുദ്ദീന്‍ ഫാറൂഖി, മുജീബ് അലി എന്നിവര്‍ അവതരിപ്പിച്ചു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നുള്ള പ്രതിജ്ഞ സി.ഹനീഫ മാസ്റ്റര്‍ സദസിന് ചൊല്ലി കൊടുത്തു.

പരിപാടിയുടെ ഭാഗമായി മദ്യവിരുദ്ധ സമര പോരാളികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെയും ഇ.പത്മിനി ടീച്ചറെയും വേദിയില്‍ ആദരിച്ചു. പരിപാടിയില്‍ ടി.ടി.ഇസ്മയില്‍, പി.വി.അബ്ദുറഹ്‌മാന്‍ ഹൈതമി, എന്‍.വി.ബാലകൃഷ്ണന്‍, ഫസലുറഹ്‌മാന്‍ മാസ്റ്റര്‍, മുസ്തഫ.എം.കെ, കാസിം മാസ്റ്റര്‍, പപ്പന്‍ കണ്ണാടി, അബ്ദുള്ള കരുവഞ്ചേരി, അന്‍സാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ ജനകീയവേദി ചെയര്‍മാന്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹബീബ് മസൂര്‍ സ്വാഗതവും നൗഫല്‍ സാറാബി നന്ദിയും പറഞ്ഞു.