കുഞ്ഞിളം കെെകളിൽ വിരിഞ്ഞ മനോഹര ചിത്രങ്ങൾ, പൊയിൽകാവ് യു.പി സ്കൂളിലെ 30 കുട്ടി ചിത്രകാരന്മാരുടെ കലാവിരുത് നിങ്ങൾക്കരികിലേക്ക്, ‘ചിത്ര വണ്ടി ‘ പര്യടനം തുടങ്ങി


കൊയിലാണ്ടി: പൊയിൽക്കാവ് യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ‘ചിത്ര വണ്ടി ‘ പര്യടനം ആരംഭിച്ചു. സ്കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടി ചിത്രകാരൻമാരുടെ 30 ചിത്രങ്ങൾ 30 ദിവസങ്ങളിലായി ‘ചിത്രവണ്ടി ‘യിൽ പ്രദർശിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം നവന്യ പ്രമോദിൻ്റെ ചിത്രങ്ങളുടെ പ്രദർശനത്തോടെ യു.കെ രാഘവൻ നിർവഹിച്ചു.

ഹെഡ്മിസ്ട്രസ്സ് രോഷ്നി.ആർ അധ്യക്ഷത വഹിച്ചു. ചിത്രങ്ങളെപ്പോലെ തന്നെ അത് പ്രദർശിപ്പിക്കപ്പെടുന്ന തലങ്ങളും മാറണമെന്നും അത് കാണികളിൽ വ്യത്യസ്ത അനുഭവം ഉണ്ടാക്കും. അത്തരം നവ്യാനുഭൂതികൾ ചിത്രാസ്വാദനത്തിന് പുതിയ മാനങ്ങൾ നൽകുമെന്നതിലാണ് സഞ്ചരിക്കുന്ന സ്കൂൾ ബസ്സിൽ ചിത്രപ്രദർശനം തയ്യാറാക്കിയതെന്ന് ചിത്രകലാധ്യാപകൻ എൻ. സൂരജ്കുമാർ പറഞ്ഞു.

Summary:  drawing exhibition by Poyilkavu up school