മിഠായി പോലെ മധുരമുള്ള മനുഷ്യർ – നോമ്പുകാല ഓർമ്മ പങ്കുവെച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുധീഷ്



‘എ
ന്താ ഉമ്മാ പേര്?’

‘ഇയ്യ് അനക്ക് ഇഷ്ടള്ളതാണ്ട് എഴുതിക്കോ’
അതെന്താ ഉമ്മാ അങ്ങനെ ഒരു പറച്ചില്?

‘അല്ലാണ്ട് പിന്നെ കൊല്ലം ആറായിലെ ഞമ്മള് അന്റെ അടുത്ത് കാണിക്കാന്‍ വരുന്നു ഇപ്പളും പേരറിയൂലച്ചാല്‍ എഴുതണ്ട അത്രന്നെ…’

എന്താ ഇങ്ങളെ കൊഴപ്പം?

‘കൊഴപ്പം ഇനിക്കല്ല അനക്കാണ് പേരും ഓര്‍മയില്ല ഒന്നും ഓര്‍മയില്ല ന്നിട്ട് ചോദിക്കാണ് എന്താ കൊഴപ്പംന്ന്.’

അതല്ല എന്താ ങ്ങളെ അസുഖം ന്നാ ചോദിച്ചേ..

‘അതാപ്പോ നന്നായെ അതറിയാനാനല്ലേ ഞാന്‍ കാവും വട്ടത്തുന്നു ഇക്കണ്ട ദൂരമൊക്കെ ഓട്ടോയിലിരുന്നു ഇങ്ങോട്ടേക്കു വന്നത്, സൂക്കേടെന്താന്ന് ഇനിക്കറിയാരുന്നേല്‍ അതും പറഞ്ഞു മെഡിക്കല്‍ ഷാപ്പുന്ന് മരുന്നു വാങ്ങി ഇനിക്ക് തന്നത്താനെആണ്ട് കഴിച്ചാപോരെ, ദാപ്പോ നന്നായെ’

കലിപ്പിലാണല്ലോ ദൈവമേ എന്ന് മനസിലോര്‍ത്ത് കാര്യങ്ങള്‍ ഒരു വിധം ചോദിച്ചറിഞ്ഞു, മരുന്ന് കുറിച്ച് കൊടുത്തപ്പോള്‍ കയ്യില്‍ ചുരുട്ടി വെച്ച ഫീസ് മേശപുറത്തു വെച്ച് മെല്ലെ എണീക്കുമ്പോ ഉമ്മ പറഞ്ഞു ‘സൈന ഞ്ഞി ആ പൊതി അങ്ങോട്ട് കൊടുക്ക്.

മോനെ ഇത് നോമ്പ് തുറക്കാന്‍ പെരേല് ഇണ്ടാക്കിയ ഉന്നകായയും പഴം പൊരിയുമാണ് ചൂടാറുന്നെനു മുന്‍പ് ഇയ്യിതെടുത്തു അന്റെ ചെറിയൊക്ക് കൊടുക്ക് അമിനുമ്മ തന്നതാന്ന് പറയണം ട്ടോ ന്റെ മോന്റെ മോള് ഫിദാ ന്റെ വയസായിരിക്കും ഓള്‍ക്കും… ഉമ്മ പുറത്തേക്കു നടന്നു.

പഞ്ചാര മുട്ടായി പോലെ മധുരമുള്ള ഇങ്ങിനെയും ചില മനുഷ്യര്‍ ??
[bot1]