വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസിന്


വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് എത്തിച്ച വടകര കല്ലേരി സ്വദേശി സജീവന്റെ (42) മരണമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസ് അന്വേഷിക്കുക.

വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് സജീവന്‍ മരിച്ചത്. സജീവനെ വടകര എസ്.ഐ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.

സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സജീവന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും.

അതേസമയം സജീവന്റെ മരണത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാകെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. ദിനംപ്രതി സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. സത്യസന്ധമായ അന്വേഷണവും നടപടികളും ഉണ്ടാവുന്നില്ല എന്നതാണ് ഇതാവര്‍ത്തിക്കാനുള്ള കാരണം. പൊലീസ് സ്റ്റേഷനുകളും പൊലീസ് സംവിധാനവും സാധാരണക്കാരന്റെ ജീവന്‍ സംരക്ഷിക്കുന്ന കേന്ദ്രങ്ങളാവുന്നതിനു പകരം ജീവനപഹരിക്കുന്ന ഇടങ്ങളായി മാറുന്നതില്‍ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.