‘സച്ചിതാന്ദന്റെയും അശോകന്‍ ചരുവിലിന്റേയുമൊക്കെ അനുഭവ സമ്പത്തിനൊപ്പം ചേര്‍ന്ന് നല്ലൊരു ടീമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായ പ്രൊഫ. സി.പി. അബൂബക്കര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


മേപ്പയ്യൂര്‍: കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. സി.പി. അബൂബക്കര്‍. ചിന്ത പബ്ലിഷേഴ്‌സ് ചീഫ് എഡിറ്റര്‍, ദേശാഭിമാനി വാരിക പത്രാധിപര്‍, പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് അദ്ദേഹം സാഹിത്യ അക്കാദമിയിലേക്ക് വരുന്നത്.

മാര്‍ച്ച് ഒന്‍പതാം തിയ്യതി അദ്ദേഹം സാഹിത്യ അക്കാദമി സെക്രട്ടറിയായി ചുമതലയേല്‍ക്കും. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേല്‍ക്കു്‌ന സച്ചിതാനന്ദനും വൈസ് പ്രസിഡന്റ് അശോകന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്കുമൊപ്പം ഒരു ടീമായി നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘നിയന്ത്രിതമായ പൊതുജീവിതമുണ്ടായ കോവിഡ് കാലം എല്ലാ മേഖലയിലേതുമെന്നപോലെ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചിരുന്നു. അതില്‍ നിന്നും മാറിവരികയാണ് സാഹചര്യങ്ങള്‍. പുതിയ സാഹചര്യത്തില്‍ തീര്‍ച്ചയായും നന്നായിട്ട് വര്‍ക്കു ചെയ്യാന്‍ പറ്റുന്ന ടീമാണുള്ളത്. മലയാള കവിതയേയും സാഹിത്യത്തേയും ലോകവേദിയില്‍ അടുപ്പിക്കുന്ന സച്ചിതാനന്ദനെ പോലുള്ളയാള്‍ ടീമിലുണ്ട്. മലയാളത്തിലെ ഒന്നാന്തരം എഴുത്തുകാരനാണ് അശോകന്‍ ചരുവില്‍. അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളത്തിലെ എല്ലാ സാഹിത്യകാരന്മാരുമായിട്ടും എഴുത്തുകാരുമായിട്ടും പാരസ്പര്യം ഉണ്ടാക്കുന്നതിന് സഹായിക്കും. ദേശാഭിമാനി വാരികയിലുണ്ടായിരുന്ന ആളെന്ന നിലയില്‍ കുറേ എഴുത്തുകാരുമായി എനിക്ക് പരിചയമുണ്ട്. ഇതിന്റെ നിര്‍വാഹകമായ പദവിയാണ് എനിക്കുള്ളത്. എക്‌സിക്യുട്ടീവ് എന്ന നിലയില്‍ ടീമിലെ മറ്റംഗങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ അറിഞ്ഞ് മുന്നോട്ടുപോകാനാകും. വരാനിരിക്കുന്ന കമ്മിറ്റിയും പ്രധാനമാണ്. കമ്മിറ്റി കൂടി ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അക്കാദമിയ്ക്കുള്ളില്‍ തന്നെ സഞ്ചിതമായ അനുഭവ സമ്പത്തുണ്ട്. എല്ലാവരുടേയും സഹകരണത്തോടെ ഇത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നത്.’ അദ്ദേഹം വിശദീകരിച്ചു.

‘എന്നെ കൊണ്ട് മാത്രം സാഹിത്യ അക്കാദമിയെ വലിയ മുതല്‍കൂട്ടുള്ള സംഘടനയായി മാറ്റാന്‍ കഴിയും എന്ന് പറയുന്നില്ല ഞാന്‍. ഒന്നിച്ചുള്ള പ്രവര്‍ത്തനം വഴിയേ അതിന് സാധിക്കൂ. അധ്യക്ഷനായി സച്ചിതാനന്ദനും വൈസ് പ്രസിഡന്റായി അശോകന്‍ ചരുവിലുമുണ്ട്. കമ്മിറ്റിയില്‍ പ്രഗത്ഭരായ ആളുകള്‍ വരാന്‍ പോകുന്നുണ്ട്. അവരൊക്കെ ചേര്‍ന്ന് സാഹിത്യ അക്കാദമിയ്ക്ക് നല്ല വര്‍ക്കുകള്‍ കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ചരിത്രാധ്യാപകന്‍ കൂടിയാണ് പ്രൊഫ. സി.പി അബൂബക്കര്‍. സി.പി.എം സഹയാത്രികനായ അദ്ദേഹം കെ.എസ്.എഫിന്റെയും എസ്.എഫ്.ഐയുടെയും സംസ്ഥാന നേതാവായിരുന്നു. എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്നു.