തിരുവനന്തപുരം മണക്കാട് വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം; ഇതിനിടയാക്കിയ സാഹചര്യം കേട്ട് അമ്പരന്ന് പോലീസും സോഷ്യല്‍ മീഡിയയും


Advertisement

തിരുവനന്തപുരം: വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം. തിരുവനന്തപുരം മണക്കാട് പുത്തന്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാര്‍ ആണ് ഇന്നലെ രാവിലെ പത്ത് മണിയോടെ വാടക വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി.

Advertisement

എന്നാല്‍ ഇത്തരമൊരു ബോര്‍ഡ് വെയ്ക്കാന്‍ ഇടയാക്കിയ സാഹചര്യം കേട്ട് ഏവരും അമ്പരന്നിരിക്കുകയാണ്. അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനം സഹോദരന്‍ കൈക്കലാക്കി, വരുമാനം നിലച്ച് കുടുംബം ദാരിദ്രത്തിലേക്ക് പോയതോടെയാണ് താന്‍ വീടിന് മുന്നില്‍ ബോര്‍ഡ് വെച്ചതെന്ന് സന്തോഷ് കുമാര്‍ പറയുന്നു.

Advertisement

എന്നാല്‍ മണിക്കൂറുകള്‍ക്കകം ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ചര്‍ച്ചയായി. ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുള്‍പ്പടെയുള്ള ബോര്‍ഡാണ് പ്രചരിച്ചത്. ഇതോടെ ഫോണ്‍ നമ്പരിലേക്ക് കര്യങ്ങള്‍ തിരക്കി ഫോണ്‍ വിളികള്‍ എത്തി തുടങ്ങി. ഇതിന് പിന്നാലെ ബോര്‍ഡ് വെക്കാനുണ്ടായ കാരണം സന്തോഷ് കുമാര്‍ വ്യക്തമാക്കുകയായിരുന്നു.

ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിഞ്ഞുതന്നെയാണ് ഇത് ചെയ്തതെന്നും അധികൃതരുടെ ശ്രദ്ധ നേടാനാണ് ഇത്തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്നും സന്തോഷ് പറഞ്ഞു.

ആരോഗ്യപ്രശ്‌നമുള്ള തനിക്ക് ഭാരിച്ച ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല. കുടുംബത്തിന്റെ വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും ഇനി ഇതേ ഒള്ളു ഒരു വഴി എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നും സന്തോഷ് പറയുന്നു.

Advertisement

മണക്കാട് ചന്തയ്ക്ക് പിന്‍വശം താന്‍ അധ്വാനിച്ച് വാങ്ങിച്ച കടമുറി ഇപ്പോള്‍ തന്റെ സഹോദരന്‍ കൈക്കലാക്കി വെച്ചിരിക്കുകയാണെന്നും ഇത് തിരികെ ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും സന്തോഷ് കുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇയാളുടെ ആരോപണങ്ങള്‍ സഹോദരന്‍ നിഷേധിച്ചു.

സന്തോഷ് കുമാറിന്റെ ആരോപണത്തില്‍ പരാതി നല്‍കിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമയും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.