കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡില്‍ കാറോടിച്ച് പതിനേഴുകാരന്‍; ആര്‍.സി ഉടമയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി


മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത മകന് കാറോടിക്കാന്‍ നല്‍കിയ ആര്‍.സി ഉടമ കൂടിയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിന്‍ എന്നയാള്‍ക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡിലാണ് ഷാഹിന്റെ മകനായ പതിനേഴുകാരന്‍ വാഹനമോടിച്ചത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്ലാസ ജങ്ഷനില്‍ പരിശോധന നടത്തുന്നതിനിടെ കരിപ്പൂര്‍ പൊലീസാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് വാഹന ഉടമ കൂടിയായ ഷാഹിനെതിരെ പൊലീസ് കേസെടുത്തത്.

എസ്.ഐ അബ്ദുള്‍ നാസര്‍ പട്ടര്‍ക്കടവന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടന്നത്. പിഴത്തുക മുഴുവന്‍ അടച്ച് ഷാഹിന്‍ കേസില്‍ നിന്ന് ഒഴിവായി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്താല്‍ ആര്‍.സി ഉടമയ്ക്ക് കുറഞ്ഞത് 25,000 രൂപ പിഴയും തടവുമാണ് ശിക്ഷ ലഭിക്കുക.