ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു; എങ്ങുമെത്താതെ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസും


കൊയിലാണ്ടി: ദേശീയ പാത 66ല്‍ അഴിയൂര്‍ വെങ്ങളം റീച്ചിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ പ്രകാരം രണ്ടുമാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രവൃത്തികള്‍ പകുതി പോലുമെത്തിയില്ല. മണ്ണ് കിട്ടാത്തതും ഉപകരാര്‍ കൊടുത്തതുമെല്ലാമാണ് നിര്‍മ്മാണ പ്രവൃത്തികളുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്നത്.

2021 മാര്‍ച്ചിലാണ് അഴിയൂര്‍ വെങ്ങളം റീച്ച് പ്രവൃത്തി കരാര്‍ ഒപ്പിട്ടത്. ഇതുപ്രകാരം രണ്ടരവര്‍ഷത്തെ കാലാവധിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. അദാനി എന്റര്‍ പ്രൈസസ് ലിമിറ്റഡാണ് കരാര്‍ എടുത്തതെങ്കിലും ഇവര്‍ പ്രവൃത്തി വാഗാഡ് എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കുകയാണ് ചെയ്തത്. 1838 കോടി രൂപയുടേതാണ് പ്രവൃത്തി.

4.8 കിലോമീറ്റര്‍ ദൂരത്തില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. മറ്റിടങ്ങളില്‍ ജോലി നിര്‍ത്തിവെക്കാന്‍ കാരണം മഴയാണെന്നാണ് പറയുന്നതെങ്കിലും മഴയത്ത് എടുക്കാന്‍ കഴിയുന്ന പണികള്‍ പോലും നടക്കുന്നില്ല. മൂരാട് മുതല്‍ നന്തി വരെയുള്ള ഭാഗങ്ങളില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് പണി നടക്കുന്നത്. തുടര്‍ന്നുവരുന്ന നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ സ്ഥിതിയും ഇത് തന്നെയാണ്. ചെങ്ങോട്ടുകാവിനും വെങ്ങളത്തിനും ഇടയില്‍ ചിലയിടങ്ങളില്‍ കല്‍വര്‍ട്ടിന്റെ പണി നടക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ ഇവിടെയും പ്രവൃത്തി നിര്‍ത്തിവെച്ച മട്ടാണ്.

നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ ആവശ്യമായ മണ്ണ് ലഭിക്കാത്തതാണ് വാഗാഡ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. 29 ലക്ഷം മെട്രിക് ടണ്‍ മണ്ണ് റോഡ് പണിക്കായി വാഗാഡിന് ആവശ്യമുണ്ട്. വടകര, ഇരിങ്ങല്‍ മേഖലയില്‍ മാത്രം പതിമൂന്ന് ലക്ഷണം ടണ്‍ മണ്ണ് വേണം. മണ്ണെടുത്തുകൊണ്ടിരിക്കുന്ന പ്രദേശത്ത് പ്രാദേശികമായ എതിര്‍പ്പുകള്‍ വരികയും കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തതോടെ മണ്ണ് കിട്ടാതായി. മണ്ണ് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ ജിയോളജി വിഭാഗം വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

പ്രവൃത്തികളില്‍ പലതും മുറിച്ച് മുറിച്ച് പല കമ്പനികള്‍ക്കായി ഉപകരാര്‍ നല്‍കുന്നതും മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. വടകര മേഖലയിലെ ഓവുചാലുകളുടെ നിര്‍മാണം ഹൈദരാബാദിലെ മറ്റൊരു നിര്‍മ്മാണക്കമ്പനിക്ക് ഉപകരാര്‍ നല്‍കി. എന്നാല്‍ ഇവര്‍ പ്രവൃത്തി പാതിവഴിക്ക് നിര്‍ത്തി മടങ്ങിയോടെ ഓവുചാല്‍ നിര്‍മ്മാണം തടസപ്പെട്ട അവസ്ഥയിലാണ്.

വടകരയില്‍ അനുവദിച്ച ഉയരപ്പാതാ നിര്‍മാണവും ഉപകരാര്‍ നല്‍കാന്‍ നീക്കമുണ്ട്. അദാനി എന്റര്‍പ്രൈസസിന്റെ ഈ നീക്കം വാഗാഡിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പാലോളിപ്പാലം മുതല്‍ മൂരാടുവരെയുള്ള 21 കിലോമീറ്റര്‍ റോഡും മൂരാട്, പാലോളിപ്പാലം മുതല്‍ മൂരാടുവരെയുളള 21 കിലോമീറ്റര്‍ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിര്‍മാണവും പ്രത്യേക ടെന്‍ഡറായി നല്‍കിയതിനാല്‍ ഇ-ഫൈവ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയാണ് പ്രവൃത്തി ചെയ്യുന്നത്. ഇവിടെ ഓവുചാല്‍ സ്ലാബുകള്‍ 25 സെന്റീമീറ്റര്‍ കനത്തില്‍ നിര്‍മിച്ചപ്പോള്‍ വടകരയിലും മറ്റും ഇത് 15 സെന്റീമീറ്ററായാണ്. വടകര മേഖലയില്‍ തന്നെ ഓവുചാലുകള്‍ രണ്ടുതരത്തിലാണെന്നും ആക്ഷേപമുണ്ട്.

പ്രവൃത്തി വേഗത്തിലാക്കാന്‍ ഉപകരാറുകള്‍ സാധാരണയാണെന്നാണ് അദാനി കമ്പനി പ്രതിനിധികള്‍ വിശദീകരിക്കുന്നത്.