വിമതവിഭാഗവുമായി നടത്തിയ ചര്‍ച്ച പരാജയം; കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരം
കൊയിലാണ്ടി: ദീര്‍ഘകാലമായി കോണ്‍ഗ്രസ്സ് ഭരിച്ചു കൊണ്ടിരിക്കുന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരത്തിന് കളമൊരുങ്ങി. കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റ് വിമതവിഭാഗവുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതോടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സഹകരണ ജനാധിപത്യമുന്നണി എന്ന പേരില്‍ വിമത വിഭാഗം മത്സര രംഗത്ത് ഉറച്ച് നില്ക്കാന്‍ തീരുമാനിച്ചു.
ബ്ലോക്ക് കോണ്‍സ്സ് ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ മരളൂര്‍, സുനില്‍ വിയ്യൂര്‍ എന്നിവരടങ്ങുന്ന പത്ത് പേരാണ് ബദല്‍ പാനലില്‍ മത്സരിക്കുന്നത്. കോണ്‍സ്സിലെ സാധാരണ പ്രവര്‍ത്തകരുടെ താല്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ മത്സരിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.
ബദല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഡി.സി.സി. ഉപസമിതിയെ തീരുമാനിക്കുകയായിരുന്നു. ഉപസമിതി തീരുമാനിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഡി.സി.സി. ഏകപക്ഷീയമായി അംഗീകരിച്ചതാണ് മറുഭാഗത്തെ ചൊടിപ്പിച്ചത്. ഡി.സി.സി. അംഗീകരിച്ച ലിസ്റ്റില്‍ ബ്ലോക്ക് കോണ്‍സ് പ്രസിഡണ്ട് ടി.മുരളി, വൈസ് പ്രസിഡന്റും നഗരസഭകൗണ്‍സിലറുമായ മനോജ് പയറ്റ് വളപ്പില്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ബാങ്കിന്റെ ലീഗല്‍ അഡൈ്വസറുമായ അഡ്വ വിജയന്‍ എന്നിവരാണ് ഉള്ളത്. 31-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംഗിന്റെ ഒരംഗം ഉള്‍പ്പെടെ 21 പേര്‍ മത്സര രംഗത്ത് ഉണ്ടാവുമെന്നുറപ്പായി.