രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയം എ.എസ്.ടി.ഒ പ്രമോദിന് സഹപ്രവര്‍ത്തകരുടെ അനുമോദനം
കൊയിലാണ്ടി: ഫയര്‍ സര്‍വീസിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയം എ.എസ്.ടി.ഒ പ്രമോദ്.പി.കെയെ സ്റ്റേഷന്‍ റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫലി ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.
ക്ലബ്ബ് സെക്രട്ടറി എഫ്.ആര്‍.ഒ നിധിപ്രസാദ്.ഇ.എം സ്വാഗതവും സ്റ്റേഷന്‍ ഓഫീസര്‍ ശരത്.പി.കെ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പ്രദീപ്.കെ, ജനാര്‍ദ്ദനന്‍, റിട്ടയേഡ് എസ്.ടി.ഒ ആനന്ദന്‍ സി.പി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രജീഷ്.വി.പി, ഷിജു.ടി.പി, അനൂപ്.എന്‍.പി, ഹോംഗാര്‍ഡ് ഓംപ്രകാശ്, സിവില്‍ ഡിഫന്‍സ്, ആപത്മിത്ര പ്രതിനിധികള്‍ എന്നിവര്‍ ആശംസ അറിയിച്ചു. എ.എസ്.ടി.ഒ പ്രമോദ്.പി.കെ മറുപടി പ്രസംഗം നടത്തി. ചടങില്‍ എഫ്.ആര്‍.ഒ സിജിത്ത് നന്ദി പറഞ്ഞു.
കാക്കൂര്‍ സ്വദേശിയായ പ്രമോദ് കഴിഞ്ഞ 28 വര്‍ഷമായി ഫയര്‍ സര്‍വ്വീസ് രംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്. കോഴിക്കോട്, മീഞ്ചന്ത, കോഴിക്കോട്, നരിക്കുനി, കുന്നംകുളം, നാദാപുരം ഫയര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്ത പ്രമോദ് രണ്ടുവര്‍ഷം ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള ദുബൈ പോര്‍ട്ടില്‍ ഫയര്‍ സര്‍വ്വീസ് രംഗത്തും പ്രവര്‍ത്തിച്ചു. മിഠായിത്തെരുവില്‍ പലതവണയായുണ്ടായ തീപ്പിടിത്തം, കട്ടിപ്പാറ, വിലങ്ങാട് മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍, 2018ലെ പ്രളയം തുടങ്ങിയതുള്‍പ്പെടെ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു പ്രമോദ്.
സേവന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെയായി 500ലേറെ ബോധവത്കരണ ക്ലാസുകളും പ്രമോദ് നടത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി കൊയിലാണ്ടിയില്‍ സേവനമനുഷ്ഠിക്കുന്നു. 2014ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വ്വീസ് മെഡലിനും പ്രമോദ് അര്‍ഹനായിരുന്നു.
കാക്കൂരിലെ ഉണ്ണി നമ്പ്യാറിന്റെയും ലീലാമ്മയുടെയും മകനാണ്. ഭാര്യ ബിന്ദു താമരശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്. ആദില്‍, മിത്ര എന്നിവര്‍ മക്കളാണ്.