വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതിയുണ്ടോ; കൊയിലാണ്ടിയിലുൾപ്പെടെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും തീര ജനസമ്പര്‍ക്ക സഭ; പരാതികള്‍ സ്വീകരിച്ചു തുടങ്ങി


കൊയിലാണ്ടി: മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ തീര ജനസമ്പര്‍ക്ക സഭ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ബേപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. നവംബര്‍ രണ്ടാംവാരം മുതല്‍ ആണ് വിവിധയിടങ്ങളിലായി അദാലത്ത് സംഘടിപ്പിക്കുന്നത്.

എല്ലാ കടല്‍-ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഇരുപത്തിയഞ്ചു മുതൽ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളും വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും സ്വീകരിക്കും. അപേക്ഷകൾ നൽകാനുള്ള അവസാന തീയതി ഒക്‌ടോബർ മുപ്പത്.