ഇടിച്ച ശേഷം കടന്നുകളഞ്ഞ് സ്കൂട്ടർ ഉടമ; ചേമഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍. വടകര സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച സ്കൂട്ടറിന്റെ ഉടമ കടന്ന് കളയുകയായിരുന്നു.
കഴിഞ്ഞ മാസം 28 നാണ് അപകടമുണ്ടായത്. ചേമഞ്ചേരി പെട്രോള്‍ പമ്പ് കഴിഞ്ഞ ഉടനുള്ള വളവില്‍ വച്ച് രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും പൊയില്‍ക്കാവ് ഭാഗത്ത് നിന്ന് പൂക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്ന് അശ്രദ്ധമായി വന്ന സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്താമെന്ന് വാക്ക് നല്‍കിയ ശേഷം ഇവരെ ഇടിച്ച സ്കൂട്ടർ ഉടമ കടന്ന് കളഞ്ഞെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്.
ഇടിച്ച സ്കൂട്ടറും അതിന്റെ ഉടമയെയും കണ്ടെത്തണമെന്ന ആവശ്യവുമായി ഇവരുടെ ബന്ധു കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂട്ടർ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ ഭാഗങ്ങളിലുള്ള അന്നേ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പരാതിക്കാര്‍ പറയുന്നത്.
ഇടിച്ച സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9539991829 എന്ന നമ്പറിലോ അറിയിക്കണമെന്ന് പരാതിക്കാര്‍ അഭ്യര്‍ത്ഥിച്ചു. ചേമഞ്ചേരി ഭാഗത്തെ സി.സി.ടി.വി ക്യാമറകള്‍ ഉള്ള സ്ഥാപനങ്ങളും മറ്റും ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്നും പരാതിക്കാര്‍ അഭ്യര്‍ത്ഥിച്ചു.