സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആഹ്ലാദത്തില്‍ കര്‍ഷകര്‍; തരിശ് രഹിത ചാക്കര പാടശേഖരം പദ്ധതി ഫലംകണ്ടു, മൂടാടി പഞ്ചായത്തിലെ ചാക്കര പാടശേഖരം കതിരണിഞ്ഞു


മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന ‘തരിശ് രഹിത ചാക്കര പാടശേഖരം’ പദ്ധതിയുടെ ഭാഗമായി 30 എക്കര്‍ വരുന്ന തരിശ് ഭൂമിയില്‍ കൃഷിയിറക്കി വിജയം കൊയ്തു. ജ്യോതി, മട്ട ത്രിവേണി, രക്തശാലി, അറുപതാം കുറുവ എന്നീ അത്യുല്പാദന ശേഷിയുള്ള ഇനങ്ങളാണ് കൃഷി ചെയ്തത്.

വര്‍ഷങ്ങളായി വെള്ളക്കെട്ടും പാഴ്‌ചെടികളും നിറഞ്ഞ് തരിശായികിടക്കുകയായിരുന്ന ചാക്കര പാടശേഖരം. പണ്ട് കാലത്ത് നൂറ് മേനി കൊയ്തിരുന്ന പാടശേഖരമായിരുന്നു ഇത്. എന്നാല്‍ ഏറെക്കാലമായി കൃഷിയില്ലാതായതോടെ പുല്ലും പാഴ്‌ചെടികളും വളര്‍ന്ന് നശിക്കുകയായിരുന്നു.

കര്‍ഷക ഗ്രുപ്പുകളും പാടശേഖര സമിതി ഭാരവാഹികളായ നാരായണന്‍ നായര്‍, മേല്‍നോട്ട സമിതി അംഗങ്ങളായിട്ടുള്ള, നാലാം വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ ടി.കെ.ഭാസ്‌കരന്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ രജുല, എന്‍.ശ്രീധരന്‍ തുടങ്ങിയവരുടെ അക്ഷീണ പരിശ്രമമാണ് ഈ സ്വപ്‌നസാക്ഷാത്കാരത്തിന് തുണയായത്. കൃഷി ഓഫിസര്‍ ഫൗസിയ, പഞ്ചായത്ത് ഭരണസമിതി, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരും സഹായവുമായി കൂടെനിന്നു.

ചാക്കര പാടശേഖരത്തെ കൃഷിയോഗ്യമാക്കാനുളള ശാസ്ത്രീയ പഠനം മൂടാടി പഞ്ചായത്ത് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് നടത്തിയിരുന്നു. വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ വിശാലമായ തോട് നിര്‍മ്മിച്ചു. പുല്ലും പാഴ്‌ചെടികളും ട്രാക്ടറിന്റ സഹായത്താല്‍ നീക്കം ചെയ്തു. ഭൂവുടമകളെ സന്ദര്‍ശിച്ച് സമ്മത പത്രം വാങ്ങിച്ചു. കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ പിന്തുണ ഉറപ്പാക്കി പാടശേഖരസമിതിയിലെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. നിലവില്‍ പാടശേഖര സമിതിയിലെ കര്‍ഷകരെ കൂടാതെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കൃഷിക്കൂട്ടങ്ങളായ, പ്യുവര്‍ ഹാര്‍വെസ്റ്റ്, കര്‍ഷക സംഘം, മുന്നേറ്റം, കതിര്‍, കാര്‍ഷിക കര്‍മ്മസേന തുടങ്ങിയവരും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരുന്നു.