പയ്യോളി ഇരിങ്ങലില്‍ ലോറിയ്ക്ക് പിന്നില്‍ കാര്‍ ഇടിച്ചുള്ള അപകടം; യുവതിയ്ക്ക് പിന്നാലെ മകനും മരിച്ചു


പയ്യോളി: പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇന്നലെ മരണപ്പെട്ട യുവതിയുടെ മകനായ ബിശുറുല്‍ ഹാഫി (7) ആണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ബിശുറുല്‍ ഹാഫി. മയ്യത്ത് നിസ്‌കാരം ഇന്ന് തനിയാടന്‍ ജുമാ മസ്ജിദില്‍ നടക്കും.

ഇന്നലെ ഉച്ചയോടെ ദേശീയപാതയില്‍ ഇരിങ്ങള്‍ മാങ്ങൂല്‍പ്പാറക്ക് സമീപം ആറുവരിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗത്താണ് അപകടം നടന്നത്. അപകടത്തില്‍ മടവൂര്‍ ചോലക്കര താഴം വെങ്ങോളിപ്പുറത്ത് തന്‍സി (33) ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. തന്‍സിയുടെ ഭര്‍ത്താവ് നാസറും (40), ആദില്‍ അബ്ദുല്ല (11), ഫാത്തിമ മെഹ്‌റിന്‍ (10), സിയ (7) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.

കണ്ണൂരില്‍ നിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് പോകവെയാണ് കുട്ടികളടക്കം എട്ടുപേര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വണ്‍വേയായി താല്‍ക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്.

കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും നിര്‍ത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന തന്‍സിയെയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ
പുറത്തെടുക്കാനായത്.