ഉപയോഗശേഷം പേന വലിച്ചെറിഞ്ഞാലും സാരമില്ല, ഇതാ പരിസ്ഥിതിയെ നോവിക്കാത്ത കടലാസുപേനകള്‍; വര്‍ണാഭമായ കച്ചവടവുമായി എന്‍.എസ്.എസ് കൂട്ടായ്മ
കൊയിലാണ്ടി: വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേന. അതുണ്ടാക്കിയതാവട്ടെ, മിക്കതും പ്ലാസ്റ്റിക് കൊണ്ടും. സ്‌കൂളില്‍ ഒരു ദിവസം ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ തന്നെ എത്രയുണ്ടാവും? ഇത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്തായിരിക്കും?
ഈ ഒരു ചിന്തയാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിലെ എന്‍.എസ്.എസ്. അംഗങ്ങളെ അവരുടെ പുതിയ സംരംഭത്തിലേക്ക് എത്തിച്ചത് – പ്ലാസ്റ്റിക്കിന് പകരം കടലാസുകൊണ്ടുണ്ടാക്കിയ പേന.
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപമാണ് എന്‍.എസ്.എസ്. കൂട്ടായ്മ കടലാസുപേന വില്‍ക്കുന്നത്. എന്‍.എസ്.എസ്. അധ്യാപികയുടെ പിന്തുണയോടെയാണ് വിദ്യാര്‍ഥികളുടെ സംരംഭം. പലതരത്തിലുള്ള ചാര്‍ട്ട് പേപ്പറുകളാണ് പേന നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഒരു പേനയ്ക്ക് അഞ്ച് രൂപ നിരക്കിലാണ് വില്‍പന. അഞ്ച് മണിവരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും.
വിദ്യാലയത്തിനകത്തെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ആലോചനയുടെ ഭാഗമാണ് കടലാസുപേന എന്നാണ് സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ്. അംഗങ്ങള്‍ പറയുന്നത്. വിദ്യാഥികളെ എളുപ്പം ആകര്‍ഷിക്കുന്ന തരത്തിലാണ് പേനയുടെ ഡിസൈന്‍.
വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പ്രതികരണമാണ് പേനയ്ക്ക് ലഭിക്കുന്നതെന്നും മികച്ച രീതിയില്‍ കച്ചവടം നടക്കുന്നെന്നും എന്‍.സി.സി. അംഗങ്ങള്‍ പറയുന്നു.