‘ഹലോ, പരേതന്‍ ജീവിച്ചിരിപ്പുണ്ട്’; മൊബൈല്‍ഫോണിനും മുമ്പുള്ള ഗള്‍ഫ് ജീവിത്തിലെ രസകരമായ അനുഭവം ‘സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടി’യില്‍
ഈ പൊന്നു വിളയുന്ന മരുഭൂമിയിലെത്താന്‍ ഒരുനാള്‍ ഞാനും ഏറെ കൊതിച്ചിരുന്നു. ആഗ്രഹ സാഫല്യമെന്ന പോലെയാണ് ബഹ്‌റൈന്‍ മണല്‍ തട്ടില്‍ ഞാന്‍ കാലു കുത്തിയതും. നേരത്തെ എത്തിയവര്‍ പറഞ്ഞു, ‘നീ അല്‍പം വൈകിപ്പോയീ’ അന്ന് എന്റെ പ്രായം 20-നു താഴെ. ഞാന്‍ ജന്മമെടുക്കുന്നതിന് മുമ്പേ ഇവിടെ എത്തേണ്ടതായിരുന്നൂ എന്നാണോ അവര്‍ ഉദ്ദേശിച്ചത്?
അന്ന് ഞാന്‍ താമസിച്ച ഫ്‌ളാറ്റിലെ അന്തേവാസികള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തി വിശ്രമ വേളകളില്‍ അന്നന്നത്തെ ജോലിസ്ഥലങ്ങളിലെ അനുഭവങ്ങള്‍ വട്ടമിരുന്ന് പരസ്പരം പങ്കുവെക്കുന്ന ഒരു നേകമ്പോക്കുണ്ട്.
അതില്‍ ഇംഗ്ലീഷറിയാത്ത ഒരാള്‍ മനാമാ സെന്ററിലെ ഒരു ഡോറില്‍ വേക്കന്‍സി അന്വേഷിക്കാന്‍ മുട്ടിയ കഥ പറഞ്ഞു.
ഗൗരവത്തില്‍ വന്നു ഡോര്‍ തുറന്ന അവിടുത്തെ മാഡത്തിന്റെ പെട്ടെന്നുള്ള പൊട്ടിത്തെറിച്ച പോലെയുള്ള ചോദ്യം. ‘വാട്ട് യൂ വാണ്ട് ‘?
ഞെട്ടിയ പയ്യന്‍ ‘വെറുതെ’എന്നതിന് ബേജാറില്‍ ‘ഫ്രീ നോക്കിംഗ് ‘ എന്നു പറഞ്ഞതും, മാഡം ‘സ്റ്റുപ്പിഡ് ‘ എന്ന് പറഞ്ഞ് ഡോര്‍ വലിച്ചടച്ചതും അനുഭവസ്ഥന്‍ തന്നെ നേരില്‍ വിവരിക്കുമ്പോള്‍ വേറെ ഒരു എന്റര്‍ടെയിന്‍മെന്റും
ഇല്ലാത്ത അന്ന് കേട്ടിരിക്കാന്‍ ഒരു രസം തോന്നിയിരുന്നു.
എല്ലാവരും ജോലിക്ക് പോകുമ്പോള്‍ കുറച്ചു ദിവസം ഞാന്‍ റൂമില്‍ തന്നെ കിടന്നുറങ്ങി. ഉറക്കം മടുത്ത് ഒടുവില്‍ കിട്ടുന്ന ജോലിക്ക് പോകാമെന്നായപ്പോള്‍ ഒരു ബന്ധുവിന്റെ ഒഴിവില്‍ ക്യാഷിയറായി ഒരറബിയുടെ
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി കിട്ടി. താല്‍ക്കാലികമാണ്. ശരിക്കും വാവടുത്താല്‍ വലിവിന്റെ അസുഖം കൂടുന്ന ആസ്തമാ രോഗിക്ക് പറ്റിയ പണിയായിരുന്നു അത്.
കാലങ്ങള്‍ക്ക് ശേഷം കേട്ട കൗണ്ടര്‍ ക്യാഷിയര്‍ കഥകളില്‍, ഒരു പാക്കിസ്ഥാനിയുടെ കടയില്‍ ക്യാഷിലിരുന്ന മുക്കാളിക്കാരന്‍ പറഞ്ഞതിങ്ങനെ:
‘പച്ച ശമ്പളം മര്യാദക്ക് തരില്ല. പിന്നെ ജോലി ക്യാഷിലായതു
കൊണ്ടു് ഞാനങ്ങു അഡ്ജസ്റ്റ് ചെയ്ത് പോകും….’ താന്‍ പാതി. മൊയലാളി പാതി.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞാന്‍ ഉച്ച സമയത്തു ഒറ്റയ്ക്ക് ക്യാഷ് കൗണ്ടറലിരിക്കെ, കുറച്ച് അറബി കുട്ടികള്‍ എന്റടുത്ത് വന്നു. ‘ജീബ് ബീബ്‌സി’… എന്നു പറഞ്ഞു. വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. അറബി അറിയില്ലെങ്കിലും
ചോദിച്ചത് പെപ്‌സി ആണെന്ന് മനസ്സിലാക്കി അതെടുത്തു കൊടുക്കയും ചെയ്തു. കുട്ടികള്‍ വീണ്ടും കലമ്പി പറഞ്ഞ അറബി വാക്ക് എനിക്ക് ഒട്ടും മനസ്സിലായതുമില്ല.
‘യാ അള്ളാ… ബത്തല്‍’ അള്ളാന്റ ബത്തല്‍ എന്ന സാധനം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലാ. ഇവിടെ ‘അള്ളാ ബത്തല്‍’ ഇല്ല എന്ന അര്‍ത്ഥത്തില്‍ ‘മാഫീ അള്ളാ ബത്തല്‍’ എന്ന് അറിയാവുന്ന അറബിയില്‍ ഞാനും മറുപടിയായ് കത്തിച്ചു. ഇതു കേട്ട പിള്ളേര്‍ക്ക് വാശി കൂടി, വഴക്കായി.
കയറി വന്ന ഒരു കസ്റ്റമര്‍ പറഞ്ഞു തന്നു. പെപ്‌സി ബോട്ടില്‍ തുറന്നു (ബത്തല്‍ = Open) കൊടുക്കാനാണ് അവര്‍ ആവശ്യപ്പെട്ടതെന്ന്.
ഞാന്‍ ബോട്ടില്‍ വാങ്ങി. പണ്ടു കണ്ടു പരിചയിച്ച സോഡാ ബോട്ടില്‍ കുലുക്കി പൊട്ടിക്കുന്ന ബാവാജി-ഇബ്രായീ സ്‌റ്റൈലില്‍, അവരെ സന്തോഷിപ്പിക്കാന്‍ പെപ്‌സി ബോട്ടില്‍ ഒന്നു കുലുക്കി ഓപ്പണ്‍ ചെയ്തു കൊടുത്തതും ഗ്യാസ് തൂറ്റി പെപ്‌സി അവരുടെ തൂവെള്ള കന്തൂറയില്‍ നിറയെ സ്‌പ്രേ അടിച്ചു നാശമാക്കി.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
എന്നു മാത്രമല്ല, സോറി എന്നതിനു പെട്ടെന്ന് അറബി വാക്കായി നാവിന്‍ തുമ്പില്‍ വന്നത് ‘ശുക്രന്‍ട എന്നായിപ്പോവുകയും ചെയ്തു. ശുക്രന്‍ എന്നാല്‍ നന്ദി എന്നാണര്‍ഥം. അവിടേയും പിഴച്ചു. പിന്നെ സംഭവിച്ചത് പറയേണ്ടല്ലോ. ഒരാഴ്ചത്തെ അവിടുത്തെ ജോലി അന്നത്തോടെ അവസാനിച്ചു.
അടുത്ത ദിവസം എന്‍.ബി.ബി(നേഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈനില്‍) ഇന്റര്‍വ്യൂ കഴിഞ്ഞു. ജോലി ഉറപ്പിച്ചു. അതിനുള്ള അപ്പന്റോയിന്‍മെന്റ് ലെറ്ററും കിട്ടി. പക്ഷെ, സ്‌പോണ്‍സറുടെ റിലീസ് ലെറ്റര്‍ കിട്ടാതെ ആ ജോലിയും നഷ്ടപ്പെട്ടു.
എന്റെ സ്‌പോണ്‍സര്‍ ബെന്യാമിന്റെ ആടു ജീവിതത്തിലെ കാട്ടറബി ടൈപ്പായ ഒരു ടാക്‌സി ഡ്രൈവറായിരുന്നു. പിന്നീട് രണ്ടു പുതിയ വിസ എടുക്കുന്ന തുകയ്ക്കുള്ള സംഖ്യ അലി ഹസ്സന്‍ വഴി
കൊടുത്താണ് റിലീസ് വാങ്ങിയതും മലേഷ്യന്‍ ബാങ്കായ ഭൂമിപുത്രയില്‍ ജോയിന്‍ ചെയ്യുന്നതും.
ടെലിഫോണ്‍ സൗകര്യം കുറഞ്ഞ അക്കാലത്താണ് മറ്റൊരു സംഭവം ഉണ്ടാവുന്നത്.
ഹംസത്ത് അളിയങ്ക നാട്ടില്‍ നിന്നും തനിക്ക് ട്രങ്ക് കോളിലൂടെ വന്ന ഒരു ദുഃഖ വാര്‍ത്ത വിളിച്ചു ഞങ്ങളെ അറിയിച്ചു. മൂപ്പരുടെ ഏറ്റവും അടുത്ത ഒരു ബന്ധു മരിച്ചു. മഗ്രിബ് കഴിഞ്ഞു തന്റെ വെസ്റ്റ് റിഫയിലെ റൂമില്‍വെച്ച് മയ്യിത്ത് നിസ്‌ക്കാരം ഉണ്ടാവുമെന്ന്.
ഞാനും മറ്റു ബന്ധുക്കളും നാട്ടുകാരുമടക്കം വലിയൊരു ജനക്കൂട്ടം നിസ്‌ക്കാരത്തിന് അവിടെ
ഒത്തുകൂടി. അവസരം മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ ഹംസത്ത് അളിയങ്ക തന്നെയാണ് മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയതും. മൂന്നാം തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയായ
‘അല്ലാഃഹുമ്മഗ്വ്ഫിര്‍ ലഹു
വര്‍ഹംഹു വഅ്ഫു അന്ഹു
വഅക്രിം …വമിന്‍ അദാബിന്നാര്‍… ‘
( അല്ലാഹുവേ… ഈ മയ്യിത്തിന് നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും മാപ്പ് നല്‍കുകയും മാന്യമായ സ്വീകരണം നല്‍കുകയും അവിടുത്തെ പ്രവേശന കവാടം വിശാലമാക്കുകയും ചെയ്യേണമേ…)
എന്ന പ്രാര്‍ത്ഥന ഉള്‍പ്പെട്ട മയ്യിത്ത് നിസ്‌ക്കാരത്തിനു ശേഷം സലാം വീട്ടി എല്ലാവരും പിരിഞ്ഞു.
പിറ്റേ ദിവസം നാട്ടില്‍ നിന്ന് അളിയങ്കാക്ക് ഒരു ഫോണ്‍ കോള്‍. ‘ഹലോ… ഹംസത്തല്ലേ… ഇത് ഞാനാണ് ______’
ഒരു നിമിഷം തല കറങ്ങി സ്തംഭിച്ചു നിന്നു പോയ് പോല്‍. തലേ ദിവസം മയ്യിത്ത് നിസ്‌ക്കരിച്ച, മരിച്ച ആളുടെ ശബ്ദമിതാ ഫോണില്‍.
യഥാര്‍ത്ഥത്തില്‍ മരിച്ചത് ഈ വിളിച്ച ആളുടെ മകളുടെ ഭര്‍ത്താവായിരുന്നു. അന്നത്തെ ഫോണ്‍ കോളിന്റെ ക്ലാരിറ്റി കുറവും, ഈ വിളിച്ച ആള്‍ തന്നെ കുറച്ചു കാലമായി കിടപ്പിലായിരുന്നു എന്നതുമാണ് പിശകിനു കാരണം..
ഏതായാലും അബദ്ധംപറ്റി, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
മയ്യിത്ത് നിസ്‌ക്കാരത്തില്‍ തലേന്ന് പങ്കെടുത്ത എല്ലാവരുടേയും ഫോണ്‍ നമ്പറുകള്‍ വീണ്ടും തപ്പിയെടുത്ത് കറക്കി വിളച്ചു പറയാന്‍ തുടങ്ങി…
‘ഹലോ, പരേതന്‍ ജീവിച്ചിരിപ്പുണ്ട്’
തുടരും…