കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം


കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 75 ശതമാനത്തില്‍ കുറയാതെയും 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെയും എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 70 ശതമാനത്തില്‍ കുറയാതെയും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളൂ. നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് ജൂലൈ 31 വൈകീട്ട് മൂന്ന് വരെ നല്‍കാം.

അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. അപേക്ഷ തിയ്യതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. ഫോമും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org ലും ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റിന്റെയും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കണം. ഫോണ്‍: 0495-2384006.