ഇത് നിങ്ങളുടെ വീട്; കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി വീടൊരുങ്ങി


ബാലുശ്ശേരി: ചുരുങ്ങിയ ചെലവിൽ സൗകര്യമുള്ള വീട് അതിഥി തൊഴിലാളികൾക്കായി തുറന്ന് കൊടുത്ത് സർക്കാർ. അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യമെന്ന സ്വപ്നമാണ് കിനാലൂരിൽ യഥാർഥ്യമായത്. അപ്നാ ഘർ ഹോസ്റ്റലിന്റെ ഒന്നാംഘട്ട പ്രവൃത്തിപൂർത്തീകരണം വിദ്യാഭ്യസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

അഞ്ഞൂറോളം അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ ഉള്ള സൗകര്യം ആണിവിടെ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 100 പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉത്തരേന്ത്യൻ ആഘോഷങ്ങളുടെയും ജീവിതങ്ങളുടെയും ചിത്രങ്ങൾ പതിച്ച ചുവരുകൾ, വിനോദത്തിനും വിശ്രമത്തിനും പ്രത്യേകം മുറികൾ, വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ എന്നിവയെല്ലാമുണ്ട്. കിനാലൂരിലെ അപ്നാ ഘറിൽ. സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കിയത്.

കിനാലൂരിൽ കെ.എസ്.ഐ.ഡി.സി യുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിനുള്ളിൽ ഒരേക്കർ ഭൂമി ബി.എഫ്.കെ. പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് ഹോസ്റ്റൽ സമുച്ചയം നിർമിക്കുന്നത്.

എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 15,760 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ലോബി ഏരിയ, വാർഡന്റെ മുറി, ഓഫീസ് മുറി, 180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഭക്ഷണ മുറി, വർക്ക് ഏരിയ, സ്റ്റോർ മുറി, ഭക്ഷണം തയ്യാറാക്കുന്ന മുറി, അടുക്കള, ടോയ്ലറ്റ് ബ്ലോക്ക്, 100 കിടക്കകളോട് കൂടിയ കിടപ്പു മുറികൾ, റിക്രിയേഷണൽ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യം, അഗ്നിബാധാ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസൽ ജനറേറ്റർ തുടങ്ങിയവയും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവുമുണ്ട്.

[bot1]

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 7.76 കോടി രൂപ ചെലവഴിച്ചാണ് താഴത്തെ നിലയുടെ നിർമാണം പൂർത്തീകരിച്ചത്.