‘ഔഷധവിമുക്ത ജീവിതത്തിന് പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തുക’; സ്വാസ്ഥ്യത്തിലേക്കൊരു ക്ഷണം പ്രഭാഷണ പരിപാടി ചേമഞ്ചേരി യു.പി സ്‌കൂളില്‍


ചേമഞ്ചേരി: ഔഷധവിമുക്ത ജീവിതമാഗ്രഹിക്കുന്നവര്‍ പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന് യോഗാധ്യാപകനും, പ്രകൃതിചികിത്സകനുമായ വി.കൃഷ്ണകുമാര്‍ പറഞ്ഞു. സെന്‍ ലൈഫ് ആശ്രമം, മിസ്റ്റിക് റോസ് സ്‌ക്കൂള്‍ ഓഫ് യോഗ, സൈലന്‍സ് സ്‌ക്കൂള്‍ ഓഫ് യോഗ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ചേമഞ്ചേരി യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്വാസ്ഥ്യത്തിലേക്കൊരു ക്ഷണം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിതാഹാരവും, വ്യായാമവും, പ്രസന്നമായ മനസ്സുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. തെറ്റായ ആഹാര വിഹാരാദികളിലൂടെ അവയവ നാശം വന്നിട്ടുള്ളവര്‍ക്ക് അനുയോജ്യമായ ജീവിത പദ്ധതിയാണ് പ്രകൃതിജീവനം. ഒരിക്കല്‍ പ്രകൃതിജീവനത്തിന്റെ സ്വാദറിഞ്ഞവര്‍ പിന്നെ അതുപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.വി.ദീപ അധ്യക്ഷം വഹിച്ച യോഗത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു. വിനോദ് സച്ചൂസ് ഗോള്‍ഡ്, എസ്.പ്രസീത, ഷെരീഫ് കാപ്പാട്, അനില്‍ കുമാര്‍ തിരുവങ്ങൂര്‍, ഗേളി നന്ദന്‍ എന്നിവര്‍ സംസാരിച്ചു.

മികച്ച ജൈവകര്‍ഷകനായി തിരഞ്ഞെടുത്ത വണ്ണാന്‍ കുനി അബൂബക്കറിനെ ചടങ്ങില്‍ ആദരിച്ചു. 250 ലേറെപ്പേര്‍ പങ്കെടുത്ത പ്രഭാഷണ പരിപാടിയില്‍ യോഗശാല പ്രവര്‍ത്തകര്‍ വിതരണം ചെയ്ത തവിടരിച്ചോര്‍ സദ്യ ഏറെ ശ്രദ്ധേയമായി.