‘വണ്ടിയിൽ കയറിക്കോ സ്കൂളിൽ എറക്കിത്തരാം’; കാപ്പാട് സ്വദേശിനിയായ ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി പരാതി


കൊയിലാണ്ടി: കാപ്പാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം നടതത്തിയതായി പരാതി. തിരുവങ്ങൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂട്ടിയിലെത്തിയ യുവതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

വീട്ടിൽ നിന്ന് രാവിലെ 9.30ന് സ്കൂളിലേക്ക് ഇറങ്ങിയതായിരുന്നു വിദ്യാർത്ഥി. പോകുന്ന വഴിയിൽ സ്കൂട്ടി നിർത്തി യുവതി വിദ്യാർത്ഥിയോടെ വണ്ടിയിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. സമയം വെെകിയെന്നും സ്കൂളിലിറക്കാമെന്നുമാണ് യുവതി പറഞ്ഞത്. എന്നാൽ വണ്ടിയിൽ കയറാൻ കൂട്ടാക്കാത്ത വിദ്യാർത്ഥിയെ ബലമായി കയറ്റുകയായിരുന്നു. റെയിൽവേ ​ഗേറ്റിൽ വാ​ഹനം നിർത്തിയ തക്കത്തിൽ കുട്ടി ഇറങ്ങി ഓടുകയായിരുന്നു. പരിചയത്തിലുള്ള ഒരാളാണ് പിന്നീട് കുട്ടിയെ സ്കൂളിലാക്കിയത്.

വിദ്യാർത്ഥിയുടെ മുഖഭാവത്തിലെ വ്യത്യാസം മനസിലാക്കിയ ടീച്ചർ കുട്ടിയോട് സംസാരിച്ചതോടെയാണ് വിവിരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാവെത്തി കുട്ടിയെ കൂട്ടികൊണ്ടുപോയി.

പർദ്ദ ധരിച്ചെത്തിയ യുവതിയാണ് സ്കൂട്ടി ഓടിച്ചിരുന്നത്. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ മുഖവും മനസിലാക്കാൻ കഴിഞ്ഞില്ല. വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ ശേഷം സ്കൂട്ടി തിരികെ പോവുകയാണ് ഉണ്ടായതെന്നും കുട്ടി പറഞ്ഞതായി അമ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളോ വണ്ടി നമ്പറോ ഇല്ലാതെ കേസെടുക്കാൻ കഴിയില്ലെന്ന മറുപടിയാണ് പോലീസ് നൽകിയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. തുടർന്ന് കാപ്പാടെ തീരദേശ പോലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

Summary: an attempt was made to kidnapp 7th class girl from Kappad