മാനദണ്ഡങ്ങള്‍ പാലിക്കാതെ പേരാമ്പ്ര ചെമ്പ്ര റോഡില്‍ കാര്‍ഷിക വിപണന എക്‌സിബിഷന്‍ അനുവദിച്ചെന്ന് ആരോപണം; പ്രതിഷേധ മാര്‍ച്ചുമായി വ്യാപാരി സംഘടനകള്‍


പേരാമ്പ്ര: ചെമ്പ്ര റോഡിൽ കാർഷിക വിപണന മേള എന്ന പേരില്‍ എക്‌സിബിഷന്‍ നടത്തുന്നതിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച്‌ പേരാമ്പ്രയിലെ വ്യാപാരി സംഘടനകൾ. റഗുലേറ്റഡ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ അധീനതയിലുള്ളതും, വർഷങ്ങളായി കേസ് നടക്കുന്നതുമായ സ്ഥലത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെതെയാണ് സ്വകാര്യ വ്യക്തികള്‍ എക്സിബിഷൻ നടത്തുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരി സംഘടനകൾ മാർക്കറ്റ് പരിസരത്ത് നിന്നും എക്‌സിബിഷന്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്തുകയും സെന്ററിന് മുമ്പില്‍ ബാനര്‍ കെട്ടുകയും ചെയ്തു.

വെള്ളം കെട്ടിനിൽക്കുന്ന ഒരു വയൽ പ്രദേശത്ത് പഞ്ചായത്തും, വില്ലേജ് ഓഫീസറും, ഫയർ& സേഫ്റ്റിയും യാതൊരുകാരണവശാലും ഇത്തരത്തില്‍ ഒരു എക്‌സിബിഷന്‍ സെന്ററിന് അനുമതി കൊടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജില്ലാകളക്ടറെ തെറ്റിധരിപ്പിച്ചുകൊണ്ട് പട്ടണത്തിലെ പാവപ്പെട്ട കച്ചവടക്കാരുടെ ഒരു സീസണിലെ (റംസാൻ,വിഷു,ഈസ്റ്റർ,പെരുന്നാൾ,സ്കൂൾ തുറക്കൽ)കച്ചവടം മൊത്തം തട്ടിയെടുക്കാനാണ് എക്‌സിബിഷന്‍ നടത്തുന്നതെന്നാന്നാണ്‌ വ്യാപാരികള്‍ ആരോപിക്കുന്നത്‌.