കൊയിലാണ്ടി ന്യൂസ് ഡോട് കോം ആസ്ഥാനം നാളെ സ്മൃതി പരുത്തിക്കാട് ഉദ്ഘാടനം ചെയ്യും; പ്രിയപ്പെട്ട വായനക്കാര്‍ക്ക് സ്വാഗതം


കൊയിലാണ്ടി: കഴിഞ്ഞ ഒന്നര വര്‍ഷമായി കൊയിലാണ്ടിയുടെ ശബ്ദമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. ചെറിയ കാലം കൊണ്ട് കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പ്രചാരമുള്ള ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായുള്ള വളര്‍ച്ചയ്ക്ക് കാരണം ഞങ്ങളെ വായനക്കാര്‍ ഏറ്റെടുത്തതാണ്. കൊയിലാണ്ടിയുടെ നേട്ടങ്ങളും സ്വപ്‌നങ്ങളും വളര്‍ച്ചയും മുന്നോട്ടു പോക്കും ആവശ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം ഉറക്കെ പറയാന്‍ തുടര്‍ന്നും ശക്തമായി കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉണ്ടാകും.

ഇപ്പോള്‍ പുതിയ ഒരു തലത്തിലേക്ക് കൂടി വളരുകയാണ് നമ്മള്‍. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ആസ്ഥാനം നാളെ ഉദ്ഘാടനം ചെയ്യുകയാണ്. നമുക്ക് സുപരിചിതയായ മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് നാളെ രാവിലെ 11 മണിയ്ക്ക് ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊയിലാണ്ടി റെയില്‍വേസ്റ്റേഷന്‍ റോഡില്‍ റെയിന്‍ബോ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് ഓഫീസ്. വാര്‍ത്തകള്‍ നല്‍കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനുമെല്ലാം ഇനി ഏത് സമയവും കൊയിലാണ്ടിക്കാര്‍ക്ക് ഓഫീസിലേയ്ക്ക് സ്വാഗതം. അതിനൊപ്പം ഉദ്ഘാടന പരിപാടിയിലേയ്ക്കും നിങ്ങളെ സ്‌നേഹത്തോടെ ക്ഷണിക്കുകയാണ്. രാവിലെ 10:30 ന് തന്നെ ഓഫീസ് പരിസരത്ത് എത്തി സജീവമായി ഉദ്ഘാടന പരിപാടിയില്‍ താങ്കളും ഉണ്ടാവണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

നമ്മുടെ നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രധാനപ്പെട്ട ആളുകളെല്ലാം ഉദ്ഘാടന പരിപാടിയിലെത്തും എന്ന് അറിയിച്ചിട്ടുണ്ട്. കൊയിലാണ്ടി നഗരസഭാധ്യക്ഷ കെ.പി.സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍, മുന്‍ എംഎല്‍എ കെ.ദാസന്‍, കൊയിലാണ്ടി സി.ഐ സുനില്‍ കുമാര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്.പ്രസിഡന്റ് എല്‍.ജി ലിജീഷ്, കോണ്‍ഗ്രസ് നേതാക്കളായ പി.രത്‌നവല്ലി, രാജേഷ് കീഴരിയൂര്‍, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍, സിപിഐ നേതാവ് ഇ.കെ അജിത്ത്, മുസ്ലിം ലീഗ് നേതാവ് വി.പി ഇബ്രാഹിം കുട്ടി, ബിജെപി നേതാവ് വി.കെ ജയന്‍, മോഹനന്‍ നടുവത്തൂര്‍, പ്രസ്‌ക്ലബ് സെക്രട്ടറി എ.സജീവ് കുമാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.