‘ആകാശമായവളേ… അകലെ പറന്നവളേ…’ ക്ലാസ് മുറിയിൽ മിലൻ പാടി; ഹൃദയത്തിൽ നിന്ന് കൊയിലാണ്ടിക്കാരൻ നിധീഷ് നടേരി എഴുതി; പാട്ട് ലോകത്തിനു മുന്നിലെത്തിച്ച് അധ്യാപകൻ (വൈറൽ വീഡിയോ കാണാം)


കൊയിലാണ്ടി: ‘അപ്പോൾ ക്ലാസ് തീരുന്നതിനു മുൻപ് ആരെങ്കിലും ഒരു പാട്ടു പാടു’, പറഞ്ഞപ്പോഴേക്കും, ഇന്നേ വരെ മുൻപിൽ വരാതിരുന്ന ഒരു വിദ്യാർത്ഥി കൈ പൊക്കിയ ശേഷം മുൻപോട്ടു വന്നു, മാഷിനോട് ചേർന്ന് നിന്നു. താൻ ധൈര്യ പൂർവം മുന്നോട്ടു വന്ന ആ നിമിഷം തന്റെ തല വര മാറ്റി മറയ്ക്കുമെന്ന ഒരു നേരിയ ചിന്ത പോലും അപ്പോൾ മിലനില്ലായിരുന്നു.

മാഷ് സിഗ്നൽ നൽകിയതോടെ മിലൻ പാട്ട് ആരംഭിച്ചു, ക്ലാസ് അകെ നിശബ്ദമായി. പക്ഷെ പെട്ടന്ന് തന്നെ മാഷ് പാട്ട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ എടുത്തോട്ടെ എന്ന ചോദിച്ച ശേഷം ആ മനോഹരമായ മുഹൂർത്തങ്ങൾ ഒന്നും കൂടെ ആവർത്തിക്കാൻ പറയുകയും കുട്ടിയുടെ ആലാപനം മാഷ് വീഡിയോയിൽ പകർത്തുകയുമായിരുന്നു.

കലയെ ഏറെ ഇഷ്ടപെടുന്ന സോഷ്യൽ സയൻസ് അധ്യാപകനായ പ്രവീൺ കോവിഡിന് ശേഷം പഠനാന്തരീക്ഷം അനന്തകരമാക്കാൻ ക്ലാസ്സ്മുറികളെ ഇടയ്ക്കിടെ കലാവേദിയാക്കാറുണ്ട്. അത്തരത്തിലൊരു ദിനത്തിലാണ് ഇതും അരങ്ങേറിയത്.

മിലനും അധ്യാപകൻ പ്രവീണും


പ്രവീൺ മാഷിന്റെ സ്റ്റാറ്റസിൽ വീഡിയോ കണ്ടതിനെത്തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ സുഹൃത്തുക്കൾ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് കൊച്ചു മിലൻ ലോക ശ്രദ്ധ ആകർഷിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈറലായ വീഡിയോയ്ക്ക് പിന്നിലുള്ള സംഭവം നടന്നത്. ആറാം പീരിയഡ് അധ്യാപകൻ ക്ലാസ് അൽപ്പം നേരത്തെ നിർത്തുകയും കുട്ടികളോട് ഒരു പാട്ടു പാടാൻ പറയുകയും ചെയ്തത്. വീഡിയോ വൈറലായതിനു പിന്നാലെ സിനിമയിൽ പാടാനുള്ള മികച്ച അവസരമാണ് മിലനെ തേടിയെത്തിയത്.

പോസ്റ്റ് ചെയ്ത ഒറ്റ രാത്രി കൊണ്ട് ഒരു ലക്ഷം പേർ വീഡിയോ കണ്ടു. പിന്നീട് വിവിധ സംഗീതജ്ഞരും വിദ്യാഭ്യാസ മന്ത്രിയും ഉൾപ്പെടെ പോസ്റ്റ് ഷെയർ ചെയ്തതോടെ മിലനും മിലന്റെ ആകാശമായവളേയും തരംഗമാവുകയായിരുന്നു.

മിലൻ, പ്രജേഷ് സെൻ, നിധീഷ് നടേരി


മിലന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സംവിധായകൻ പ്രജീഷ് സെൻ ആണ് സിനിമയിൽ പാടാനുള്ള അവസരം വാഗ്ദാനം ചെയ്തത്.

‘ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്. എന്നാൽ മിലൻറെ ശബ്ദം കണ്ണ് നനയിച്ചു. വീഡിയോ പകർത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചപ്പോൾ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു’ പ്രജേഷ് പറഞ്ഞു.

ജി.പ്രജേഷ്​ സെൻ സംവിധാനം ചെയ്​ത വെള്ളം എന്ന സിനിമയുടെ ഉയിരാണ് ആകാശമായവളെ എന്ന ഗാനം. ആധിയെ കുറിച്ച്​ ഓർമിപ്പിക്കുന്ന ഗാനം​. കൊയിലാണ്ടിയുടെ അഭിമാനമായ നിധീഷ് നടേരിയുടെ തൂലികയിൽ വിരിഞ്ഞ ഓരോ വരികളും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴത്തിൽ പതിഞ്ഞിറങ്ങുന്നവയാണ്.

കൊയിലാണ്ടി നടേരിയിലെ സംഗീത കുടുംബത്തിലാണ് നിധീഷിന്റെ ജനനം. അച്ഛന്റെ പത്രപ്രവർത്തനം കണ്ട്​ ഇടക്കാലത്ത്​ ആ വഴി തെരഞ്ഞെടുത്തെങ്കിലും ഇളയച്ഛന്മാരുടെ പ്രോത്സാഹന പ്രകാരം ഗാന രചനയിലെ താലന്തുകൾ പൊടി തട്ടി എടുക്കുകയായിരുന്നു. കലോൽസവ വേളകളിൽ കുട്ടികൾക്ക്​ പാടാൻ സ്ഥിരമായി ലളിത ഗാനങ്ങൾ എഴുതിയാണ് ഈ മേഖലയിൽ ആരംഭം. ഇപ്പോൾ വിവിധ സിനിമകൾക്കായി നിധീഷ് ഗാനങ്ങളെഴുതി കഴിഞ്ഞു.

വീഡിയോ കാണാം: