ജീവന്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു; ഇന്നലെ വാഹനമിടിച്ച് മരിച്ച കാല്‍നടക്കാരനെ പതിനാറു മിനുട്ടു കൊണ്ട് മെഡിക്കല്‍ കോളേജിലെത്തിച്ച ചേലിയ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സംസാരിക്കുന്നു



കൊയിലാണ്ടി:
‘ജീവന്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയായിരുന്നു… ആശുപത്രിയിലെത്തിച്ചിട്ടും ഞങ്ങള്‍ ഒരു മണിക്കൂറോളം അവിടെ കാത്തിരുന്നു.. മരിക്കുമെന്ന് വിചാരിച്ചതേയില്ല.’ ഇന്നലെ ഉള്ളിയേരിയില്‍ കാറിടിച്ച കാല്‍നടക്കാരനെ മെഡിക്കല്‍ കോളേജിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു സുഗേഷ് പറയുകയാണ്.

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലില്‍ നിന്ന് വിഷ്ണു ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ജീവന്റെ വളയം പിടിച്ചു മുന്നോട്ടു പായുകയായിരുന്നു… എന്നാല്‍ യാത്രയില്‍ ആ വാഹനത്തെ കാത്തിരുന്നത് മുഴുവന്‍ പ്രതിസന്ധികളായിരുന്നു.. പതിവിലുമധികം വാഹനങ്ങളായിരുന്നു നിരത്തില്‍ മുഴുവന്‍… ഒപ്പം കനത്ത മഴയും… എന്നാല്‍ ഒരു നിമിഷം പോലും കളയാന്‍ വിഷ്ണുവിനില്ലായിരുന്നു…. ഗംഗാധരനെ രക്ഷിക്കുക എന്ന ഏക ലക്ഷ്യത്തിനു മുന്‍പില്‍ വിഷ്ണു ആംബുലന്‍സ് പായിച്ചു… പ്രതിബന്ധങ്ങള്‍ക്കിടയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പതിനാറു മിനിറ്റുകള്‍ കൊണ്ട് എത്തിക്കുകയായിരുന്നു.

‘മൂന്നേകാലോടെയാണ് നൂറ്റിയെട്ട് ആംബുലന്‍സിനു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള കോളെത്തുന്നത്. വാഹനാപകടത്തില്‍ ഗംഗാധരന്റെ തലയുടെ പുറകു വശത്ത് ക്ഷതം ഏറ്റിരുന്നു. മെഡിക്കല്‍ കോളേജിലെത്തുന്നതിനു മുന്‍പ് തന്നെ പള്‍സ് റേറ്റ് കുറഞ്ഞിരുന്നു. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു, ഞങ്ങളും അവിടെ ഒരു മണിക്കൂറിലധികം കാത്തിരുന്നു.. ജീവന്‍ തിരികെ കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു…. ഏറെ കഷ്ട്ടപെട്ടിട്ടും ആ ജീവന്‍ നഷ്ടമായെന്നറിഞ്ഞപ്പോള്‍ അകെ സങ്കടമായി’ ചേലിയ സ്വദേശി വിഷ്ണു പറഞ്ഞു. മൂന്നു വര്‍ഷത്തോളമായി ആംബുലന്‍സ് ഡ്രൈവര്‍ ആണ് വിഷ്ണു. ഇതിനു മുന്‍പ് ബസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു.

നിര്‍ധനരായ രോഗികള്‍, ആത്മഹത്യാ കേസുകള്‍, ക്രിട്ടിക്കല്‍ കേസ്സുകള്‍, എമര്‍ജന്‍സി കേസുകള്‍ തുടങ്ങിയവയാണ് നൂറ്റിയെട്ട് ആംബുലന്‍സ് കൂടുതലായും എടുക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കു മുന്‍പ് ആത്മഹത്യാ കേസുകളും വന്നിരുന്നു. ഇതിനു മുന്‍പ് വടകരയിലും കുറ്റ്യാടിയിലും ആംബുലന്‍സ് ഡ്രൈവര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടകരയില്‍ ഞരമ്പ് മുറിച്ച ഒരു പതിനാറുകാരിയെ 12 മിനിറ്റ് കൊണ്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചതും അവിടെ നിന്ന് 13 മിനിറ്റ് കൊണ്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവം ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ ഏടില്‍ നിന്ന് വിഷ്ണു പ്രത്യേകമായി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഏറ്റവും ഭീകരാവസ്ഥ നേരിടേണ്ടി വന്നത് കോവിഡ് കാലത്തായിരുന്നുവെന്ന് വിഷ്ണു ഓര്‍ക്കുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ‘നൂറ്റിയെട്ട് ആംബുലന്‍സാണ് ആദ്യമായി കോവിഡ് പേഷ്യന്‍സിനെ ആശുപത്രിയിലെത്തിച്ചു തുടങ്ങിയത്’. വീട്ടുകാര്‍ പോലും ഭയന്ന് ഒരു കൈ സഹായത്തിന് പോലും നില്‍ക്കാതിരുന്ന സമയത്ത്, രോഗിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിരുന്നത് ഞങ്ങളായിരുന്നു. എന്നാല്‍ അതെ സമയം ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്നതിനാല്‍ ഹോട്ടലുകളില്‍ നിന്ന് ആഹാരം പോലും നിഷേധിച്ചിരുന്നു. ശമ്പളം പോലും കൃത്യമായി കിട്ടാതിരുന്നപ്പോഴും ഞങ്ങളീ ജോലി ചെയ്തിരുന്നു. കൊറോണ വണ്ടി എന്ന് പറഞ്ഞു കളിയാക്കുമ്പോഴും തളരാതെ പോരാടുകയായിരുന്നു ഞങ്ങളോരോരുത്തരും.’ വിഷ്ണു പറഞ്ഞു.

ഞാന്‍ അറ്റന്‍ഡ് ചെയ്ത ഓരോ വ്യക്തികളുടെയും അപകടത്തിന്റെയും പിന്നില്‍ ഒരു കഥ ഉണ്ട്, വൈകാരികമായ ഒരു മുഖവുമുണ്ട്, അത്ര എളുപ്പമല്ല ഈ ജോലി… ജീവന്‍ രക്ഷിക്കുമ്പോള്‍ സന്തോഷവും നഷ്ടപ്പെടുമ്പോള്‍ സങ്കടവും സമ്മാനിക്കും.. ഉറക്കം പോലും ഉണ്ടാവാതെ ഓടേണ്ടി വന്ന കഥകളും വിഷ്ണു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെച്ചു.

‘ഇപ്പോള്‍ കനത്ത മഴ തുടങ്ങിയിരിക്കുന്ന കാലമാണ്, വാഹനമോടിക്കുന്നവരും കാല്‍നട യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ തിരികെ വരാമെന്നു പറഞ്ഞിറങ്ങുന്ന പലരും ജീവച്ഛവമായാണ് തിരികെ എത്തുന്നത്. ഒരു നിമിഷത്തെ അശ്രദ്ധയാവും അതിനു കാരണം. അതേപോലെ ആംബുലസിന്റെ ശബ്ദം കേട്ടാല്‍ ദയവായി വഴി മാറി തരണമേ’ എന്നും വിഷ്ണു വായനക്കാരോടായി പറയുന്നു. ‘നാളെ നമ്മളോ നമ്മുടെ വേണ്ടപെട്ടവരോ ആ അവസ്ഥയില്‍ എത്തുമ്പോഴേ ആ സ്ഥിതി മനസ്സിലായിക്കാന്‍ കഴിയു… അതിനാല്‍ ദയവായി അത്യാഹിത വാഹനങ്ങള്‍ക്ക് വഴി തരുക, വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക… ഒരു ജീവന്‍ എടുക്കാന്‍ ഇടയാക്കരുതേ’

കന്നൂരിലെ പരക്കണ്ടി മീത്തല്‍ ഗംഗാധരനാണ് ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിയൊന്നു വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും കന്നൂര്‍ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്. ഉള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാറാണ് തട്ടിയത്. കന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ഗംഗാധരനെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗംഗാധരനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് അദ്ദേഹം മരിച്ചത്. പരമ്പരാഗത മത്സ്യ തൊഴിലാളിയാണ് ഗംഗാധരന്‍.

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും സഹായിക്കാന്‍ മുന്‍പന്തിയിലുള്ളവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ജീവന്റെ വളയം പിടിക്കുന്നവര്‍. എന്നാല്‍ ഭൂരിഭാഗം സമയത്തും ആരാലും ശ്രദ്ധിക്കപ്പെടാത്ത കൂട്ടരും. വിഷ്ണുവിനെ പോലെ കൊയിലാണ്ടിക്കാരുടെ രക്ഷയ്ക്കായെത്തുന്ന അനേകം ആംബുലന്‍സ് ഡ്രൈവര്‍മാരുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് അവരെല്ലാം മറ്റൊരു ജീവന്‍ രക്ഷിക്കുന്നതിനായി ഇറങ്ങുന്നത്.