കൊയിലാണ്ടിയില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ് നിര്‍ത്തുന്നയിടത്ത് കാത്തിരിപ്പ് കേന്ദ്രമില്ല; മഴ കനത്തതോടെ യാത്രക്കാര്‍ ദുരിതത്തില്‍


കൊയിലാണ്ടി: മഴ കനത്തതോടെ കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിനും മൃഗാശുപത്രിയ്ക്കും മുന്നില്‍ നിന്ന് കണ്ണൂര്‍, വടകര ഭാഗത്തേക്ക് ബസ്സ് കാത്തു നില്‍ക്കുന്നവര്‍ ദുരിതം ഇരട്ടിച്ചു. ഇവിടെ നിന്നും ബസില്‍ കയറിപ്പറ്റുന്നതോടെ പലരും നനഞ്ഞ് കുളിച്ച അവസ്ഥയിലാണ്.

പുതുക്കി പണിയാന്‍ വേണ്ടി പഴയ ബസ്സ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. ബസ്സ് സ്റ്റാന്റ് ഇല്ലാത്തതിനാല്‍ റോഡരികില്‍ തന്നെയാണ് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ബസ്സ് കാത്തു നില്‍ക്കുന്നത്. കനത്ത വേനലിലും മഴക്കാലത്തുമാണ് ഇവര്‍ ഏറ്റവുമധികം ബുദ്ധിമുട്ടുനേരിടുന്നത്.

പെട്ടെന്ന് മഴ പെയ്താല്‍ കുട കൈയില്‍ ഇല്ലെങ്കില്‍ ഓടി കയറാന്‍ സമീപത്ത് കെട്ടിടമൊന്നുമില്ല. കോടതി കെട്ടിടത്തിന് സമീപം വക്കീല്‍ ഗുമസ്ഥന്‍മാര്‍ ഇരിക്കുന്ന മുറിയോട് ചേര്‍ന്ന് ഒരു ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരൊറ്റ ബസ്സും നിര്‍ത്തില്ല. ഇവിടെ ബസ്സ് നിര്‍ത്തി യാത്രക്കാരെ ഇറക്കാനോ കയറ്റനോ ഉളള സ്ഥല സൗകര്യവുമില്ല. അതുകൊണ്ട് ബസ്സുകളെല്ലാം നിര്‍ത്തുന്നത് മൃഗാശുപത്രിയ്ക്ക് മുന്നിലാണ്. ഇവിടെ ഓട്ടോറിക്ഷാ സ്റ്റാന്റുമുണ്ട്.

പഴയ സ്റ്റാന്റ് പൊളിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുളള നടപടികള്‍ നടന്നു വരുന്നതേയുളളു. അതു വരെ താല്‍ക്കാലികമായിട്ടാണെങ്കിലും യാത്രക്കാര്‍ക്ക് വെയിലും മഴയും കൊളളാതിരിക്കാന്‍ ഒരു ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പഴയ സ്റ്റാന്റില്‍ മാത്രമല്ല പുതിയ ബസ് സ്റ്റാന്റില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്നയിടത്തും ഷെല്‍ട്ടര്‍ ആവശ്യമാണെന്ന് നഗരസഭ കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് പറഞ്ഞു. ‘വടകര,കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ മഴ നനഞ്ഞാമ് ദീര്‍ഘ ദൂര ബസ്സുകള്‍ കാത്തു നില്‍ക്കുന്നത്. മൃഗാസ്പത്രിക്ക് സമീപം ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപകരിക്കും വിധം ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണം. പുതിയ സ്റ്റാന്റില്‍ കോഴിക്കോട് ഭാഗത്തേക്കുളള ദീര്‍ഘ ദൂര ബസ്സുകള്‍ നിര്‍ത്തുന്നിടത്തും ഷെല്‍ട്ടര്‍ ഇല്ല. രാവിലെയും വൈകീട്ടും വലിയ പ്രയാസമാണ് യാത്രക്കാര്‍ അഭിമുഖീകരിക്കുന്നത്.’ അവര്‍ പറഞ്ഞു.

കണ്ണൂര്‍,വടകര ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പഴയ ബസ്സ് സ്റ്റാന്‍രിന് മുന്നില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെസത്യന്‍ പറഞ്ഞു. പഴയ സ്റ്റാന്റ് പൊളിച്ച സ്ഥലത്ത് പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതോടൊപ്പം ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുമെന്നും എട്ട് മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലും കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.