ടൈം മെഷീൻ ഇല്ലാതെ പഴയകാലത്തേക്ക് പോയാലോ? പുതുതലമുറയ്ക്ക് കൗതുകമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ ദൃശ്യങ്ങള്‍; തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ രംഗം വൈറലാകുന്നു (വീഡിയോ കാണാം)
വേദ കാത്റിൻ ജോർജ്
ചേമഞ്ചേരി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ എങ്ങനെയായിരുന്നിരിക്കും? അന്നത്തെ സ്റ്റേഷന്‍ ഒന്ന് കാണാന്‍ കഴിഞ്ഞാലോ? ടൈം മെഷീന്‍ ഇല്ലാതെ തന്നെ നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പത്തെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ കാഴ്ചകള്‍ കാണുകയാണ് കൊയിലാണ്ടിയിലെ പുതുതലമുറ.
തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ ഒരു രംഗമാണ് കൊയിലാണ്ടി മേഖലയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചേമഞ്ചേരി പ്രേമികളുടെ സമൂഹ മാധ്യമ പേജുകളിലാണ് ഈ രംഗം വൈറലായത്.
കൂകി പാഞ്ഞു വരുന്ന ട്രെയിൻ, ജനൽകമ്പി വിടവിലൂടെ വിളഞ്ഞു നിൽക്കുന്ന വയലുകൾ, വണ്ടി വന്നു നിൽക്കുന്നതാകട്ടെ സാക്ഷാൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്കും. അന്നത്തെ കാലത്തെ പത്രാസ്സുകാരും, സാധാരണക്കാരും നാട്ടിൻപുറത്തുകാരമെല്ലാം സ്റ്റേഷനിലൂടെ നടന്നകലുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിലും നാടിൻറെ ഭംഗിയും റെയിൽവേ സ്റ്റേഷനും അതിമനോഹരമായി പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
1975 ലാണ് ഉത്തരായനം പുറത്തിറങ്ങിയത്. അന്നത്തെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ചിത്രത്തിലെ പ്രധാന ലൊക്കേഷനായിരുന്നു. പഴയകാലത്തെ ആ രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മലയാളത്തിലെ സമാന്തര സിനിമ പ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ച ചലച്ചിത്രമായിരുന്നു ഉത്തരായനം. തിക്കോടിയനും പട്ടത്തുവിള കരുണാകരനും അരവിന്ദനും അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ പിറന്നതാണ് ഈ ചലച്ചിത്രം. തന്റെ ജന്മ സ്ഥലത്തിന്റെ പേര് തൂലിക നാമമാക്കിയ തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥ തയ്യാറാകിയത്.
സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അവരുടെ സമര സഖാവിന്റെ മകനാണ് രവി. തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം. രവി കണ്ടുമുട്ടുന്ന ധനികനും അഴിമതിക്കാരനുമായ കോണ്ട്രാക്ടര്‍ ഗോപാലന്‍ മുതലാളിയും ക്വിറ്റ് ഇന്ത്യ പോരാളിയാണ്. ഒടുവിൽ അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി പരമമായ സത്യം അന്വേഷിച്ചുള്ള യാത്രക്കായി നഗരം വിട്ടു പോവുന്നതാണ് കഥയുടെ പ്രമേയം.
മികച്ച ചിത്രത്തിനും, തിരക്കഥയ്ക്കും ഛായാഗ്രഹണത്തിനും ഉള്ള സംസ്ഥാന സര്‍കാരിന്റെ പുരസ്കാരം ഉത്തരായനത്തിനായിരുന്നു. കൂടാതെ ഇന്ത്യയുടെ സ്വാന്തന്ത്രത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നല്‍കപ്പെട്ട സ്വാതന്ത്രസമരത്തെ കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഉത്തരായനം നേടി.
എന്നാൽ സ്വാതന്ത്ര്യസമരകാലത്തും സിനിമയിലൂടെയും പ്രശസ്തമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥ അൽപ്പം പരിതാപകരമാണ്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ദക്ഷിണേന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേയൊരു റെയിൽവേ സ്റ്റേഷനാണ് ചേമഞ്ചേരി പൂർണമായും കത്തിച്ചാമ്പലാക്കപ്പെട്ട സ്റ്റേഷൻ ഫീനിക്സ് പക്ഷിയെ പോലേ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റിരുന്നു, എട്ട് ലോക്കൽ ട്രെയിനുകൾ നിർത്തിയിരുന്ന ഇവിടെ ദിനംപ്രതി 1500ഓളം ആളുകൾ യാത്രയ്ക്കായി ആശ്രയിച്ചിരുന്നു.
കോവിഡ് ആയതോടെ പൂർണ്ണമായും അവഗണയുടെ പാളത്തിലാണ് ചേമഞ്ചേരി സ്റ്റേഷൻ. ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ കൂടാതെ ഉള്ളിയേരി, അത്തോളി തുടങ്ങിയ ഇടങ്ങളിലെ നിരവധി യാത്രക്കാരാണ് ഈ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ടേക്ക് സീസൺ ടിക്കറ്റിൽ യാത്ര ചെയ്തു കൊണ്ടിരുന്നത്. കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ എലത്തൂർ കഴിഞ്ഞാൽ ലോക്കൽ വണ്ടികൾ നിർത്തിയിരുന്ന ഏക സ്റ്റേഷനാണിത്. സ്റ്റേഷൻ പുനരാരംഭിക്കാത്തത് മൂലം ഇപ്പോൾ ഇവർ കൊയിലാണ്ടിയിലെത്തി മണിക്കൂറുകൾ യാത്ര ചെയ്താണ് കോഴിക്കോടെത്തുന്നത്.
1991 മുതൽ മൂന്നു വർഷം ഇവിടെ വണ്ടികളൊന്നും നിർത്തിയിരുന്നില്ല. അന്ന് സ്‌റ്റേഷൻ ഒഴിവാക്കാനും നീക്കമുണ്ടായി. നാട്ടുകാരുടേയും യാത്രക്കാരുടേയും ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് സ്‌റ്റേഷൻ വീണ്ടും സജീവമായത്. സ്‌റ്റേഷൻ നിലനിർത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക, ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലാണ് ബഹുജന കൂട്ടായ്മ.
വീഡിയോ കാണാം: