കാപ്പാട് കണ്ണന്‍കടവിലെ അലിഫിന്റെ സ്വര്‍ണവളകൊണ്ട് തെങ്ങിന്‍പൊത്തില്‍ വീടുണ്ടാക്കി കാക്ക; കാക്കയുടെ മോഷണം പിടിക്കപ്പെട്ടതിങ്ങനെ


കാപ്പാട്: കുട്ടികളില്‍ നിന്നും അപ്പം തട്ടിപ്പറയ്ക്കുന്ന കാക്കകളുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണ വള മോഷ്ടിച്ച കാക്കയെക്കുറിച്ചാണ് പറയാനുളളത്. സംഭവം വേറെ എവിടെയുമല്ല നടന്നത് നമ്മുടെ സ്വന്തം കാപ്പാട് ആണ്.

കാപ്പാട് കണ്ണന്‍ കടവ് പരീക്കണ്ടി പറമ്പില്‍ നസീറിന്റെയും ഷരീഫയുടെയും മകള്‍ അലിഫ് ഇസ്ലാമിക്കയുടെ സ്വര്‍ണ്ണ വളയാണ് കാക്ക തന്റെ സ്വന്തം കൂട്ടില്‍ കൊണ്ടുപോയി വച്ചത്. ഒരു ബന്ധുവീട്ടില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ അലിഫ് ധരിച്ചിരുന്ന ഓരോ പവന്‍ വീതം വരുന്ന സ്വര്‍ണ്ണ വളയും മാലയും പേപ്പറില്‍ പൊതിഞ്ഞ് വെയിസ്റ്റ് ഡബ്ബിന്റെ അടപ്പിന്റെ മുകളില്‍ വെച്ച് ഉമ്മയോട് എടുക്കുവാന്‍ പറഞ്ഞ് കുട്ടി കളിക്കുവാന്‍ പോകുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം പിന്നീട് മറന്നുപോവുകയും പത്ത് ദിവസം കഴിഞ്ഞ് മറ്റൊരു വിവാഹത്തിന് വേണ്ടി അണിയോന്‍ നോക്കുമ്പോഴായിരുന്നു മാലയും വളയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. പിന്നീട് മകള്‍ പറഞ്ഞ പ്രകാരം വെയ്സ്റ്റ് കൂട്ടത്തില്‍ നിന്നും സ്വര്‍ണ്ണ മാല ലഭിച്ചു. എന്നിട്ടും വള കണ്ടെത്താനായില്ല.

പിന്നീടാണ് ട്വിസ്റ്റ് കണ്ടെത്തിയത്. അയല്‍വാസിയായ ഇവരുടെ ബന്ധുവിന്റെ ശ്രദ്ധയില്‍ പഴയ പ്ലാസ്റ്റിക്ക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് പോകുന്നത് കണ്ടത്. സ്വര്‍ണ്ണ വളയും ചിലപ്പോള്‍ കാക്ക തന്നെ എടുത്തതായിരിക്കാം എന്ന നിഗമനത്താല്‍ തെങ്ങിന്റെ മണ്ടയില്‍ കയറി പരിശോധിച്ചപ്പോയാണ് സ്വര്‍ണ്ണവള കൊണ്ട് കാക്ക കൂട് കെട്ടിയത് കണ്ടെത്തിയത്. കൂട് നിര്‍മ്മിക്കാനുളള കൂട്ടത്തില്‍ വളയും ഉപയോഗിച്ചതാവാം എന്നാണ് നിഗമനം. എന്തായാലും സംഭവം നാട് മൊത്തം ചര്‍ച്ചയായ മട്ടാണ്.