പി.എസ്.സി പരീക്ഷകളിൽ വിജയം തുടർക്കഥ, നേടിയത് 22 സർക്കാർ ജോലികൾ; സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി
പുറക്കാട്: പി.എസ്.സി പരീക്ഷകളിൽ മികച്ച വിജയങ്ങൾ കൊയ്തെടുത്ത സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി. ഓണനാളിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് യൂത്ത് മീറ്റിൽ വച്ചാണ് സുജേഷിനെ ആദരിച്ചത്.
നിരവധി പി.എസ്.സി പരീക്ഷകളിൽ വിജയിച്ച് 22 സർക്കാർ ജോലികളുടെ നിയമന ഉത്തരവാണ് സുജേഷ് പുറക്കാട് നേടിയത്. കൂടാതെ നാല് പി.എസ്.സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിലും അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. പി.എസ്.സി പരീക്ഷാ പരീശീലകനും എൻട്രി ആപ്പ് അക്കാദമിക്ക് ഇന്നവേഷൻ ഹെഡുമാണ് സുജേഷ്.
സിവിൽ സർവ്വീസ് ജേതാവ് ശാഹിദ് തിരുവള്ളൂർ മഹല്ല് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ മഹല്ലിലെ അൻപതിലധികം പ്രതിഭകളെയും സംഗമത്തിൽ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
മഹല്ല് പ്രസിഡന്റ് ആർ.ടി.ഇമ്പിച്ചി മമ്മുഹാജി അധ്യക്ഷനായി. മഹല്ല് വിദ്യാഭ്യാസസമിതി കൺവീനർ അഡ്വ. മുഹമ്മദ് സനൂപ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.എം.മജീദ് സ്വാഗതവും സിറാജ് കമ്മന നന്ദിയും പറഞ്ഞു.