‘പ്രതികൾ ഒറ്റ ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല’; ജനങ്ങളേയും ഉദ്യോഗസ്ഥരേയും അതൃപ്തിയിലാക്കി കൊയിലാണ്ടിയില്‍ എക്സൈസ്-പൊലീസ് സംഘത്തെ ആക്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതികളുടെ കാര്യത്തിലെ കോടതി തീരുമാനം


കൊയിലാണ്ടി: നഗരത്തില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മദ്യ-മയക്കുമരുന്ന് സംഘത്തെ മുഴുവന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിലും എക്‌സൈസിലും അസംതൃപ്തി. ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടിയില്‍ വച്ച് അഞ്ചോളം പേരടങ്ങിയ സംഘം മഫ്തിയിലുള്ള എക്‌സൈസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഗുരുതരമായ കേസായിട്ടും ജാമ്യം കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നത്. പ്രതികള്‍ക്ക് ജാമ്യം കൊടുത്തത് തങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്നാണ് പൊലീസും എക്‌സൈസും പറയുന്നത്.

മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര മാളിയേക്കൽ മുർഷിദ് (26), പെരുവെട്ടൂർ തുന്നാത്ത് താഴ യാസർ (29) എന്നിവരെയാണ് കൊയിലാണ്ടി ജുഡീഷ്യൽ മജിസ്ട്രേട്ട് വെറുതെ വിട്ടത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിലുള്ള ഒരു കടയിൽ പരിശോധനയ്ക്കത്തിയതായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ.

എക്സൈസ് ഇൻസ്പെപെക്ടർ എ.പി.ദീപേഷ്, പ്രിവൻ്റീവ് ഓഫീസർ സജീവൻ, എ.കെ.രതീശൻ തുടങ്ങിയവരെയാണ് പ്രതികൾ ആക്രമിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസിന് നേരെയും ഇവർ അക്രമം നടത്തി. കൊയിലാണ്ടി സി.ഐ ബിജു, എസ്.ഐ അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ രണ്ട് പേർ നേരത്തേയും ലഹരി കേസിൽ പ്രതികളാണ്.

വൈദ്യ പരിശോധക്ക് ശേഷമാണ് ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ പേരിൽ ഐ.പി.സി 353, 332, 323, 324, 294 (ബി), 506, 308 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പൊലീസിനെ ഞെട്ടിച്ചു കൊണ്ട് മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിലാകെ ഇത് പരക്കെ ചർച്ചാ വിഷയമായി.

കഴിഞ്ഞ ദിവസങ്ങളിലായി കൊയിലാണ്ടിയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിക്കുന്നത് സ്ഥിരം സംഭവമാണ്. സ്കൂൾ തുറന്ന ശേഷം വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ട് ലഹരിസംഘം സജീവമാണ്. ഈ സാഹചര്യത്തിൽ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന ശക്തമായ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് അക്രമം നടത്തിയ ലഹരി കേസ് പ്രതികളെ ജാമ്യത്തിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടിയെന്ന ആരോപണവും പലരും ഉയർത്തിയിട്ടുണ്ട്.


Related News: എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായവര്‍; സംഭവത്തെക്കുറിക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


നേരത്തേയും കൊയിലാണ്ടിയിൽ എക്സൈസ് സംഘം ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലായ് 14 ന് പെരുവെട്ടൂരിൽ വാടക വീട്ടിൽ താമസിക്കുന്ന മൊയ്തീൻ എന്നയാൾ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.