അതിജീവനത്തിന് കരുത്തേകാന്‍ ‘ജീവിക’; വിധവകൾക്കായുള്ള സർക്കാർ സേവനങ്ങളും പദ്ധതികളുമറിയാന് കൈപ്പുസ്തകവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
കോഴിക്കോട്: വിധവകൾക്കായുള്ള സർക്കാർ സേവനങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ‘ജീവിക’ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ചടങ്ങില്‍ ജില്ലാ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പുസ്തകം പ്രകാശനം നിര്‍വഹിച്ചത്.
വിധവകളുടെ സമഗ്ര ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും സാമൂഹിക സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിധവ സൗഹൃദ കോഴിക്കോട് പദ്ധതിയുടെ മുന്നോടിയായാണ് ജീവിക കൈപ്പുസ്തകം പുറത്തിറക്കിയത്.
വിധവാ ശാക്തീകരണത്തിനായി നിരവധി പദ്ധതികളും സേവനങ്ങളും സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും അവയെ സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ വകുപ്പുകള്‍ നല്കുന്ന വിധവാ ക്ഷേമ പദ്ധതികളുടെയും അനുകൂല്യങ്ങളുടെയും വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് ജീവിക കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
അമ്പതോളം പേജുകളുള്ള ഈ വിവര ശേഖരത്തിൽ പദ്ധതികളെ സംബന്ധിച്ച വിശദവിവരങ്ങൾ, അപേക്ഷകൾ സമർപ്പിക്കേണ്ട രീതി, ഓരോ പദ്ധതിയുടെയും ഗുണഭോക്താക്കൾ, ലഭ്യമാവുന്ന ആനുകൂല്യങ്ങൾ, വിധവകൾക്കായുള്ള ഹെല്പ് ലൈൻ നമ്പറുകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്.