കാട്ടിലപീടികയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റടക്കം മൂന്ന് പേർ അറസ്റ്റിൽ


കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാട്ടിലപീടികയിൽ വച്ചാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട്ട് ഒരുദിവസത്തെ പരിപാടിക്കായെത്തിയത്‌. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് ഏ കെ. ജാനിബ് , റംഷി കാപ്പാട്, അസീം വെങ്ങളം എന്നിവരാണ് അറസ്റ്റിലായത്.

കാട്ടിലപീടികയ്ക്ക് പുറമേ ഇന്നലെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പ്രവർത്തകർ കരങ്കൊടി കാട്ടിയിരുന്നു. സംഭവത്തിൽ ഏഴു കെഎസ്‌യു പ്രവർത്തകരെയും രണ്ട് യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ്‌ ഹൗസിനു മുന്നിൽവച്ചാണ് കരിങ്കൊടി കാണിച്ചത്.

Summary: Black flag against Chief Minister in Kattilapeedika; Three people, including the KSU constituency president, have been arrested