വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം ലഭിച്ചില്ല; പേരാമ്പ്ര സ്വദേശിയുള്‍പ്പെടെ രണ്ടുപേരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോഴിക്കോടെത്തിച്ചു


കോഴിക്കോട്: സ്വര്‍ണ്ണകടത്ത് സംഘത്തില്‍പെട്ട രണ്ടുയുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബംഗളൂരുവില്‍ പിടിയിലായ നാലുപേരെ കോഴിക്കോട് എത്തിച്ചു. കടലുണ്ടി സ്വദേശി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് കോഴിക്കോടെത്തിച്ചത്.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം വിട്ടുകിട്ടാത്തതിന്റ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. വ്യാഴാഴ്ചയാണ് മായനാട് സ്വദേശി തയ്യില്‍ത്താഴം വീട്ടില്‍ ഫാസിലിനെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ ഇവര്‍ സംസാരിക്കാനെന്ന വ്യാജേന യുവാവിനെ കാറില്‍ കയറ്റിയശേഷം കൊണ്ടുപോകുകയായിരുന്നു. തിരിച്ചെത്താതായതോടെ അച്ഛന്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ സംഘം പേരാമ്പ്രയില്‍ നിന്ന് മുഹമ്മദ് ഷെഹീറെന്ന മറ്റൊരു യുവാവിനെയും തട്ടിക്കൊണ്ടുപോയിരുന്നു.

പരാതിയെ തുടര്‍ന്ന് എ.സി.പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ബെംഗളൂരുവിലുണ്ടെന്ന് വ്യക്തമായത്. കരിപ്പൂര്‍ വിമാന താവളം വഴി എത്തിച്ച ഒരു കിലോയോളം സ്വര്‍ണം കൈമാറാതെ കടന്നുകളഞ്ഞതാണ് ഇവരെ തട്ടികൊണ്ടു പോകാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടലുണ്ടി സ്വദേശി രതീഷ്, മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ മുഹമ്മദ് സമീര്‍, ജയരാജന്‍, മുഹമ്മദ് റൌഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് പ്രതികളെല്ലാവരും. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. രണ്ടുകാറുകളും പൊലീസും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

[bot1]