‘മാസപ്പിറവി കണ്ടെത്താൻ കൃത്യമായ മാനദണ്ഡങ്ങളുണ്ട്’; കാണേണ്ടത് നഗ്ന നേത്രങ്ങൾ കൊണ്ട്; 35 വർഷമായി മാസപ്പിറവി കാണൽ ചെയ്തു വരുന്ന കാപ്പാട്ടെ ‘മാസക്കോയ’ എന്ന എ.ടി കോയ പറയുന്നു


കാപ്പാട്: ഒരു മാസം നീണ്ടു നില്‍ക്കുന്ന നോമ്പ് അവസാനിക്കുന്നത് ശവ്വാല്‍ മാസപിറവി കണ്ട് പെരുന്നാള്‍ ഉറപ്പിക്കുന്നതോടെയാണ്. 29-ാം നോമ്പിന് മാസപിറവി കണ്ടില്ലെങ്കില്‍ 30 നോമ്പ് പൂര്‍ത്തിയാക്കി പിറ്റേ ദിവസം പെരുന്നാളാണ്. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായ മാസപിറവി കാണല്‍ കഴിഞ്ഞ 35 വര്‍ഷകാലമായി ചെയ്തുവരുന്ന വ്യക്തിയാണ് എ.ടി കോയ. കാപ്പാട് മാസപ്പിറവി കണ്ടെത്താന്‍ മുസ്ലിം വിശ്വാസ വിധികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ഖാസിമാര്‍ ഉത്തരവാദിത്വമേല്‍പ്പിച്ചിട്ടുള്ളത് ഇദ്ദേഹത്തെയാണ്. അതിനാല്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ‘മാസക്കോയ’ എന്നും വിളിക്കാറുണ്ട്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന തന്റെ കര്‍ത്തവ്യത്തെ കുറിച്ച് സംസാരിക്കുകയാണ് എ.ടി കോയ.

‘മൊബൈലും ഇന്റര്‍നെറ്റുമൊക്കെ നാട്ടില്‍ പ്രചാരമാകുന്നതിനും എത്രയോ മുന്നേ ഈ പുണ്യകര്‍മ്മം ഖാസിമാര്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. വ്രതാരംഭത്തിന് തുടക്കം കുറിക്കുന്ന റമസാനും, പെരുന്നാളുറപ്പിക്കുന്ന ശവ്വാല്‍ മാസപ്പിറവിയും ഉള്‍പ്പെടെ 12 മാസത്തെയും മാസപ്പിറവികള്‍ കണ്ട് ബോധ്യപ്പെടാനും അത് മാലോകരെ അറിയിക്കാനുമുള്ള ഭാഗ്യം എനിക്ക് പടച്ചോന്‍ തന്നിട്ടുണ്ട്. ഭാഗ്യം എന്നതിനപ്പുറം ഇത് വലിയൊരു ഉത്തരവാദിത്വം കൂടിയാണ്. ഇസ്ലാമിക കര്‍മശാസ്ത്രപരമായി പിറ കാണുക, അത് ബോധ്യപ്പെടുക, ഖാസിമാരെ അറിയിക്കുക എന്നത് ‘ഫര്‍ള് കിഫായ ആണ്. അതായത് എനിക്കൊരു പിഴവ് സംഭവിച്ചാല്‍ ആ സമൂഹം മുഴുവന്‍ കുറ്റക്കാരാകും. അത്ര മാത്രം സൂക്ഷ്മതയും ശ്രദ്ധയും ഇക്കാര്യത്തില്‍ വേണമെന്ന് എ.ടി കോയ പറഞ്ഞു.

മാസപ്പിറവി കണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോര, അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കാണേണ്ടത് നഗ്‌നനേത്രങ്ങള്‍ കൊണ്ടാകണം. എത്ര വിശ്വസ്തനായ ചങ്ങാതി പോലും പിറ കണ്ടുവെന്ന് എന്നോട് വന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാനും സമൂഹത്തെ അറിയിക്കാനും കഴിയില്ല. നേരിട്ട് കണ്ട് ബോധ്യപ്പെടണം. ഒപ്പം ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ച ഖാസിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയും വേണം.

സംസ്ഥാനത്ത് ചെറിയപെരുന്നാള്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച.  ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

[bot1]