നോക്കുകുത്തിയായി വൈദ്യുതിവേലി; പൂഴിത്തോട്ടില്‍ കാട്ടാന കൃഷി നശിപ്പിച്ചു
പേരാമ്പ്ര: പൂഴിത്തോട്ടില്‍ കൃഷിയിടത്തില്‍ കാട്ടാനശല്യം രൂക്ഷം. കൊച്ചുവേലി പാപ്പച്ചന്റെയും വര്‍ഗീസ് കണ്ണഞ്ചിറയുടെയും കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസവും കാട്ടാന കയറി കൃഷികള്‍ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് ഓടിക്കാന്‍ ശ്രമിച്ച വര്‍ഗീസിന്റെ മകന്‍ ഷാരോണ്‍ കാട്ടാനയുടെ മുന്നില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കൃഷിയിടത്തിലെ തെങ്ങും വാഴയുമെല്ലാം കാട്ടാനകള്‍ നശിപ്പിച്ചു. നേരത്തെ ഇവിടെ വൈദ്യുതി വേലിയുണ്ടായിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തോളമായി ഇത് പ്രവര്‍ത്തനരഹിതമാണ്.
വേലി പുനസ്ഥാപിക്കാന്‍ വനംവകുപ്പിനോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗം സി.കെ ശശി പറഞ്ഞു. അദ്ദേഹവും വനസംരക്ഷണ സമിതി പ്രസിഡന്റ് തോമസ് സൈബാസ്റ്റിയന്‍ ഈറ്റതോട്ടത്തില്‍, വാര്‍ഡ് കണ്‍വീനര്‍ എ.സി സുരേന്ദ്രന്‍, പി.കെ മനോജ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രദേശം സന്ദര്‍ശിച്ചിരുന്നു.