ഭക്തരെ കാത്തിരിക്കുന്നത് പുത്തന്‍ മടപ്പുര; പുന:പ്രതിഷ്ഠക്കും തിരുവപ്പന മഹോത്സവത്തിനും ഒരുങ്ങി പേരാമ്പ്ര പുളീക്കണ്ടി മടപ്പുര ക്ഷേത്രം


പേരാമ്പ്ര: അരക്കോടി രൂപ ചെലവഴിച്ച് ചെമ്പോലയില്‍ നിര്‍മ്മിച്ച പുതിയ മടപ്പുരയുടെ പുന:പ്രതിഷ്ഠയ്ക്കും ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവത്തിനുമായി പേരാമ്പ്ര വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം ഒരുങ്ങി. കാലപ്പഴക്കത്തില്‍ ജീര്‍ണാവസ്ഥയിലായ പഴയ മടപ്പുരക്ക് പകരം പുതിയ മടപ്പുരയാണ് ഭക്തജനങ്ങളെ കാത്തിരിക്കുന്നത്. വാസ്തു നിയമവും നിര്‍മാണ വൈദഗ്ധ്യവും സമന്വയിപ്പിച്ചായിരുന്നു നിര്‍മ്മാണം. ചുറ്റുമതിലിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ക്ഷേത്രത്തിനരികില്‍ നിലത്ത് കല്ല് പതിക്കുന്ന ജോലികള്‍ പുരോഗമിച്ചു വരികയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 18 ന് വൈകുന്നേരം അഞ്ചിന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. 19ന് (ഞായര്‍) കാലത്ത് അഞ്ചിന് ഗണപതിഹോമം. രാവിലെ 8.45നും 9.45നുമിടയില്‍ നടക്കുന്ന പുന:പ്രതിഷ്ഠക്ക് മയ്യില്‍ മോഹനന്‍ മടയന്‍ മുഖ്യകാര്‍മികത്വം വഹിക്കും. കാലത്ത് പത്തിന് കൊടിയേറ്റം. ഉച്ചയ്ക്ക് രണ്ടിന് മുത്തപ്പനെ മലയിറക്കല്‍. വൈകുന്നേരം അഞ്ചിന് കായണ്ണ ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുമുടി ഘോഷയാത്ര. വൈകുന്നേരം ആറിന് മുത്തപ്പന്‍ വെള്ളാട്ടം.

20ന് രാവിലെ പത്തിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. വൈകുന്നേരം ആറിന് പാണ്ടിമേളം. രാത്രി ഒമ്പതിന് കരോക്കെ ഗാനമേള. 21ന് രാവിലെ പത്തിന് ജീവിതശൈലീ രോഗ പ്രതിരോധ സെമിനാറ്. രാത്രി ഏഴിന് ക്ഷേത്ര വിദ്യാര്‍ഥി- വനിതാ സമിതി സംയുക്തമായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍- വര്‍ണമയൂരം.
22ന് രാത്രി ഏഴിന് പ്രഭാഷണം. അവതരണം വി.കെ.സുരേഷ് ബാബു. രാത്രി 8.30ന് അഞ്ചാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം പ്രശസ്ത ചുമര്‍ ചിത്ര കലാകാരന്‍ രമേശ് കോവുമ്മലിന് സമ്മാനിക്കും. രാത്രി ഒമ്പതിന് മെഗാ മ്യൂസിക്കല്‍ ഡാന്‍സ് നൈറ്റ്. 23ന് രാവിലെ ഒമ്പതിന് ക്ഷേത്രം വക ഇളനീര്‍ കുലമുറി. രാത്രി ഏഴിന് കളരിപ്പയറ്റ്.

മഹോത്സവത്തിലെ പ്രധാന ദിനമായ 24ന് ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കല്‍. നാലിന് വിവിധ ദേശങ്ങളില്‍ നിന്ന് ഇളനീര്‍കുലവരവുകള്‍. ആറിന് മുത്തപ്പന്‍ വെള്ളാട്ടം. 6.30ന് താലപ്പൊലി ദീപാരാധന. എട്ട് മണി മുതല്‍ ഭഗവതി, ഗുളികന്‍, ഗുരു, കുട്ടിച്ചാത്തന്‍ തിറകള്‍. 25ന് (ശനി) കാലത്ത് ആറിന് തിരുവപ്പന. ഉച്ചക്ക് ഒരു മണിവരെ ദര്‍ശന സൗകര്യമുണ്ടായിരിക്കും. കൊടിയേറ്റം മുതല്‍ തിരുവപ്പന വരെ രാവിലെയും വൈകീട്ടും വിശേഷാല്‍ പയംകുറ്റിയും ദീപാരാധനക്ക് ശേഷം ക്ഷേത്ര വാദ്യ സംഘത്തിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കും.

പത്രസമ്മേളത്തില്‍ ക്ഷേത്ര പ്രസിഡന്റ് എം.കൃഷ്ണന്‍, ട്രഷറര്‍ ശശിധരന്‍.പി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വിഷ്ണു ചന്ദ്രന്‍, അനുരാഗ് ലാല്‍ പങ്കെടുത്തു.