പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചുവരണം; കോതമംഗലം ഗവ.എല്‍.പി സ്കൂളില്‍ നടന്ന അനുമോദന പരിപാടിയില്‍ യു.കെ.കുമാരന്
കൊയിലാണ്ടി: നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരന് യു.കെ.കുമാരന് പറഞ്ഞു. കൊയിലാണ്ടി, കോതമംഗലം ഗവ: എല്‍.പി സ്കൂളില്‍ എല്‍.എസ്സ്.എസ്സ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിക്കുന്നതിനായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വെച്ച് സ്കോളര്‍ഷിപ്പ് നേടിയ 36 വിദ്യാര്‍ഥികള്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് സുരേഷ്ബാബു എ.കെ, എം.പി.ടി.എ പ്രസിഡണ്ട് ദീപ്തി.എം, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രദീപ് സായിവേല്‍, ദീപ്ന, മുന്‍ പി.ടി.എ പ്രസിഡണ്ടുമാരായ ബിജു പി.എം, അനില്‍കുമാര്‍ എം.കെ, സുചീന്ദ്രന്.വി എന്നിവര്‍ ആശംസകളറിയിച്ചു. ഹെഡ്മാസ്റ്റര് പി.പ്രമോദ് സ്വാഗതവും റീന.ജി നന്ദിയും പറഞ്ഞു.