ചെമ്പ്ര റോഡ് രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് വഴിയൊരുങ്ങും; ചേനായിപ്പാലവും ആവളപ്പാണ്ടിയിലെ കൃഷിയും യാഥാര്‍ഥ്യമാകും: ബഡ്ജറ്റില്‍ പ്രതീക്ഷവെച്ച് പേരാമ്പ്ര


പേരാമ്പ്ര: സംസ്ഥാന ബഡ്ജറ്റില്‍ ഇടംനേടി പേരാമ്പ്രയിലെ 18 പദ്ധതികള്‍. വിദ്യാഭ്യാസം, കൃഷി, പശ്ചാത്തല വികസനം, ടൂറിസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ക്കാണ് മണ്ഡലത്തില്‍ തുക വകയിരുത്തിയിരിക്കുന്നത്.

ചേനായിപ്പാലവും ആവളപ്പാണ്ടി കൃഷിയോഗ്യമാക്കലും

3000 ഏക്കര്‍ വരുന്ന ആവളപ്പാണ്ടി കൃഷിയോഗ്യമാക്കാനുള്ള പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. പായല്‍ശല്യം രൂക്ഷമായത് ആവളപ്പാണ്ടിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ്. പായല്‍ നീക്കി കൃഷി തുടരാന്‍ സാധിച്ചാല്‍ അത് വലിയ മുന്നേറ്റമാകും. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ പായല്‍ നീക്കം ചെയ്ത് കൃഷി നടത്തിയിരുന്നു. ആവളപ്പാണ്ടിയുടെ മാറ്റം ടൂറിസം രംഗത്തും ഉപയോഗപ്പെടുത്താനാവും.ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമായ ഈ പ്രദേശത്ത് ചേനായിപ്പാലം വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.

ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് വികസനം:

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിക്ക് പത്തുകോടി ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ പൂര്‍ണമായി തുക വകയിരുത്തിയ ഏക പ്രവൃത്തിയാണിത്. മറ്റ് പതിനേഴ് പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുകയാണ് അനുവദിച്ചത്. ചെമ്പ്ര റോഡിന് പേരാമ്പ്ര മുതല്‍ പാണ്ടിക്കോട് വരെ നവീകരണത്തിന് നേരേത്ത തുക വകയിരുത്തി പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാല്‍, കരാറുകാരുടെ അനാസ്ഥ കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആദ്യ കരാറുകാരനെ മാറ്റി പുതിയ ആളെ കൊണ്ടുവന്നെങ്കിലും ആ കരാറുകാരനും പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മൂന്നാമതും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്.

പേരാമ്പ്ര പോളിടെക്‌നിക്, കൈതേരിമുക്ക് ടൂറിസം പ്രൊജക്ട്, ചക്കിട്ടപാറ കായിക കോംപ്ലക്‌സും നീന്തല്‍കുളവും വിയ്യഞ്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ്, ചേനായിക്കടവ് പാലം, കൊഴുക്കല്ലൂര്‍, മേപ്പയൂര്‍, പാലേരി, ചങ്ങരോത്ത് വില്ലേജ് ഓഫിസുകള്‍ക്ക് കെട്ടിടം, ആവളപാണ്ടി കൃഷിയോഗ്യമാക്കല്‍, പേരാമ്പ്ര ടൗണില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കല്‍പത്തൂര്‍ – വെള്ളിയൂര്‍ – കാപ്പുമ്മല്‍ റോഡ്, വെളിയന്നൂര്‍ ചെല്ലി സമഗ്ര കാര്‍ഷിക വികസന പദ്ധതി, മേപ്പയൂര്‍-ചെറുവണ്ണൂര്‍-ആവള റോഡ്, പേരാമ്പ്ര മള്‍ട്ടിലെയര്‍ കാര്‍ പാര്‍ക്കിങ്, പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് കെട്ടിടം, ചങ്ങരോത്ത് വ്യവസായ പാര്‍ക്ക്, കരുവോട്-കണ്ടംചിറ കൃഷിയോഗ്യമാക്കല്‍ എന്നിവക്കാണ് ടോക്കണ്‍ തുക മാത്രം വകയിരുത്തിയത്.