ജനകീയ പ്രതിഷേധം ഫലംകണ്ടു, ശ്രീശൈലം കുന്നിലെ വഗാഡിന്റെ പ്ലാന്റും പ്രദേശത്തെ മലിനമായ കിണറുകളും ആര്‍.ഡി.ഒ സന്ദര്‍ശിച്ചു; പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ കമ്പനിക്ക് ചുമതല- മറ്റുതീരുമാനങ്ങള്‍ ഇവയാണ്


നന്തി: വഗാഡിന്റെ പ്ലാന്റ് കാരണം ഒമ്പതുവീടുകളിലെ കിണര്‍വെള്ളം മലിനമായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നന്തി ശ്രീശൈലം കുന്നിലെ പ്ലാന്റും പ്രദേശത്തെ കിണറുകളും ആര്‍.ഡി.ഒ സന്ദര്‍ശിച്ചു. ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ കിണറുകള്‍ ശുചീകരിക്കാനും പ്രദേശത്ത് ശുദ്ധജലം എത്തിക്കാനും കമ്പനി അധികൃതര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു.

കുന്നിനു മുകളിലെ ലേബര്‍ ക്യാമ്പിനു താഴെയുള്ള ഒമ്പതു വീടുകളിലെ കിണറുകളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കിണറുകളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുകയും വെള്ളം കുടിച്ച ഒരു വീട്ടിലെ അഞ്ചുപേര്‍ വയറിളക്കെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കിണര്‍ വെള്ളം പരിശോധിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരികയും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല വിഷയത്തില്‍ ഇടപെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ചത്.

സി.വി പ്രകാശ് ബാബുവിന്റെ വീട്ടില്‍വെച്ച് ഒമ്പതു വീടുകളിലെ ആളുകളുമായും നാട്ടുകാരുമായും ആര്‍.ഡി.ഒ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. ബ്ലോക്ക്‌മെമ്പര്‍ ജീവാനന്ദന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ ഷീജ പട്ടേരി, പഞ്ചായത്ത് മെമ്പറായ രവി.വി.കെ.വില്ലേജ് ഓഫീസര്‍ സുഭാഷ് ബാബു, വിജയരാഘവന്‍ മാസ്റ്റര്‍ (CPM ലോക്കല്‍ സെക്രട്ടറി), എം.നാരായണന്‍ മാസ്റ്റര്‍ ( നാളീകേര ബോര്‍ഡ് ചെയര്‍മാന്‍) കമ്പനി PRO ജിനില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.

പ്ലാന്റ് പ്രവര്‍ത്തിക്കുകയും ലേബര്‍ ക്യാമ്പ് ഇവിടെ നിന്ന് മാറ്റുകയും ചെയ്യണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആളുകളുടെ ക്യാമ്പ് മാത്രമേ ഇവിടെ അനുവദിക്കൂവെന്നും അതുതന്നെ പൂര്‍ണ സുരക്ഷയോട് കൂടിയ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരിക്കുമെന്നും ആര്‍.ഡി.ഒ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി.

16ാം തിയ്യതി വരെ നിലവില്‍ കുടിവെള്ളം എത്തിക്കുന്നവര്‍ ദിവസവും എത്തിക്കുകയും അതിന്റെ ചിലവ് കമ്പനിയില്‍ നിന്ന് ഈടാക്കാനും 16ന് ശേഷം കമ്പനി വല്ല ഏജന്‍സിയെയോ ഏല്‍പ്പിച്ച് ആവശ്യത്തിനുള്ള വെള്ളം ദിവസവും എത്തിക്കണമെന്നും ആര്‍.ഡി.ഒ നിര്‍ദേശിച്ചു. മലിനമായ കിണര്‍ കമ്പനി ക്ലീന്‍ ചെയ്ത് കൊടുക്കാനും പ്രദേശത്തെ മറ്റ് കിണറുകളും പരിശോധനക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാന്റില്‍ ഇപ്പോള്‍ ഒഴുകി കൊണ്ടിരിക്കുന്ന മലിനജലം ഉടനെ നിറുത്താനും 23-ാം തിയ്യതിക്കുള്ളില്‍ ശാസ്ത്രീയമായ രീതിയില്‍ സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മിക്കാനും, മലിനജലം റീസൈക്ലിങ്ങ് ചെയ്യാന്‍ വേണ്ടത് ചെയ്യാനും കമ്പനി പി.ആര്‍.ഒ ജിനിലിനെ ചുമതലപ്പെടുത്തി.

അപകടകരമായ ചുറ്റുമതില്‍ പൊളിച്ച് കോണ്‍ക്രീറ്റ് മതില്‍ ഉടനെ പണിയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനായി തിങ്കള്‍ / ചൊവ്വ ദിവസങ്ങളില്‍ പഞ്ചായത്തില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, പൊലൂഷന്‍ കണ്‍ട്രോള്‍ വകുപ്പ്, ബന്ധപ്പെട്ട വകുപ്പുകളും, ജനകീയ കമ്മറ്റി പ്രതിനിധിയും അടങ്ങുന്നവര്‍ ഇരുന്ന് സംസാരിച്ച് വേണ്ട നടപടികള്‍ വേഗത്തില്‍ കൈ കൊള്ളുമെന്നും ആര്‍.ഡി.ഒ പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കി.