സംസ്ഥാന, ദേശീയ മത്സരങ്ങളിൽ സ്വർണ്ണവും വെള്ളിയും, അടുത്ത അങ്കം അതിർത്തി കടന്ന് തായ്ലൻഡിലേക്ക്; ജാപ്പനീസ് ആയോധന കലയായ ജു-ജീട്സു ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് പോകാനൊരുങ്ങി മണിയൂർ സ്വദേശിനി അങ്കിത


വടകര: മണിയൂർ സ്വദേശിനി അങ്കിത ഷൈജുവിന്റെ അങ്കം അതിർത്തി കടന്ന് വിദേശത്തേക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ അങ്കിത കളത്തിൽ ഇറങ്ങുക. തായ്ലൻഡിയിൽ നടക്കുന്ന ജപ്പാൻ ആയോധന കലയായ ജു- ജീട് സുവിന്റെ ഏഴാമത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലാണ് അങ്കിത ഉൾപ്പെട്ടിരിക്കുന്നത്.

2023 ഫെബ്രുവരി 24 മുതൽ 28 വരെയാണ് ചാമ്പ്യൻഷിപ്പ്. ഇതിനോടകം തന്നെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയായ അങ്കിത മത്സരത്തിന്റെ പുതുകാൽവയ്പ്പുകളിലേക്കാണ് കടക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ എൻട്രി നേടിയതോടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വിദ്യാർത്ഥിനി.

കഴിഞ്ഞ ഒമ്പത് വർഷക്കാലമായി വിവിധ ആയോധന കലകളിൽ പരിശീലനം നേടുന്ന ആളാണ് അങ്കിത. കാരാട്ടെ, തായ്കൊണ്ടോ, ജു- ജീട്, സാംബോ തുടങ്ങിയവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. 2022 ൽ മാത്രം 15- ഓളം മെഡലുകളാണ് സ്വന്തമാക്കിയത്. നാഷണൽ സാംബോ ചാമ്പ്യൻഷിപ്പിൽ സ്പോർട് സാംബോ, കോംപാക്ട് സാംബോ തുടങ്ങിയവയിൽ വെള്ളിയും സംസ്ഥാന തലത്തിൽ സ്വർണ്ണവും കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ ​ഗെയിംസിൽ കരാട്ടെയിലും ജൂഡോയിലും വെങ്കലം, ജു- ജീട് സു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടി. മലബാർ റീജ്യണൽ, സബ് ഡിസ്ട്രിക് ലെവൽ മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

മണിയൂർ പൗർണമിയിൽ ഷൈജുവിന്റ മകളാണ് മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ അങ്കിത. നാഷണൽ കോച്ചും റഫറിമാരുമായ സജിത്ത് കുമാർ മണമ്മലിന്റെയും ഷൈജേഷ് പയ്യോളിയുടെയും കീഴിലാണ് പരിശീലനം നടത്തുന്നത്.

Summary: Ankita Shiju, a plus two student of Memunda H.S.S., is all set to go to the Japanese martial art Ju-Jitsu Asian Championship