രാജന്‍ മാസ്റ്ററുടെ വിയോഗം വടക്കുമ്പാട്ട് ജി.എല്‍.പി സ്‌കൂളിന് തീരാ നഷ്ടമെന്ന് സഹഅധ്യാപകന്‍; ഇന്ന് സ്‌കൂളിന് അവധി


പേരാമ്പ്ര: ഇന്നലെ അന്തരിച്ച വടക്കുമ്പാട്ട് ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ രാജന്‍ മാസ്റ്ററുടെ വിയോഗം സ്‌കൂളിന് തീരാ നഷ്ടമെന്ന് സഹഅധ്യാപകന്‍ ബിജു മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്‌കൂളിലെ എല്ലാകാര്യങ്ങളിലും പ്രധാനിയായിരുന്നു. കുട്ടികള്‍ക്കും സഹഅധ്യാപകര്‍ക്കും അതിലുപരി നാട്ടുകാര്‍ക്കെല്ലാം പ്രിയ്യപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പറഞ്ഞു.

ഇന്നലെ രാവിലെയോടെയാണ് വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകനും മുയിപ്പോത്ത് സ്വദേശിയുമായ എടച്ചേരിച്ചാലില്‍ രാജന്‍(52) മരണപ്പെടുന്നത്. സ്റ്റെപ്പ് കയറി വാടകയ്ക്ക് താമസിക്കുന്ന ബില്‍ഡിംഗിന്റെ മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഞ്ച് വര്‍ഷത്തോളമായി വടക്കുമ്പാട്ട് സ്‌കൂള്‍ അധ്യാപകനായ രാജന്‍ മാസ്റ്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് അധ്യാപകനാണ്. അതിനു മുന്നേ ബേപ്പൂര്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു. സ്‌കൂളിലെ എസ്.ആര്‍.ഡി കണ്‍വീനറാണ്. സംസ്ഥാന തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന യുണിറ്റിലും, ടെക്സ്റ്റ് ബുക്ക് തയ്യാറാക്കുന്ന യൂണിറ്റിലും പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കു ശേഷം ഇന്ന് രാവിലെ 10 മണിയ്ക്ക് വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

അച്ഛന്‍: ബാലന്‍ (പായിച്ചി), അമ്മ: ലീല. ഭാര്യ:സ്മിത. മക്കള്‍: സത്‌ലജ് എസ്.രാജ്, സ്മീരഗംഗ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മനോജ്, ലാലു (ടീച്ചര്‍).

summary: the death of Rajan master, a teacher of GLP School in vadakkumbatt,is a great loss associate teacher said