ഫോട്ടോഗ്രാഫിയിൽ ബ്ലാക്ക് & വൈറ്റ് കാലത്തെ രാജകുമാരൻ; കൊയിലാണ്ടിക്കാരുടെ എംപീസ് വേണുഗോപാൽ ഇനി ഓർമ്മ


കൊയിലാണ്ടി: മനോഹരമായ നിമിഷങ്ങൾ എന്നെന്നും ഓർമ്മക്കൂട്ടിൽ ആക്കാൻ കൊയിലാണ്ടിക്കാരെ പഠിപ്പിച്ചത് എംപീസ് സ്റ്റുഡിയോ ആണ്. 1948ൽ കൊയിലാണ്ടിയിൽ വൈദ്യുതിയെത്തിയതിനൊപ്പം തന്നെ എംപീസ് സ്റ്റുഡിയോയുടെ പ്രവർത്തനം ആരംഭിച്ചു. തലമുറകൾ മാറുമ്പോഴും കൊയിലാണ്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പം നിന്ന ജന്മാന്തരങ്ങളായുള്ള ബന്ധമായിരുന്നു ഈ കുടുംബവും ഇവരുടെ ക്യാമറയുമായി കൊയിലാണ്ടിക്കുണ്ടായിരുന്നത്.

കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ കുടുംബത്തിലെ പ്രധാന കണ്ണിയാണ് ഇന്നലെ വിടവാങ്ങിയത്. എംപീസ് സ്റ്റുഡിയോ ഉടമയായിരുന്ന വേണു ഗോപാലാണ് എൺപത്തിയേഴാം വയസ്സിൽ യാത്രയായത്. നിശ്ചല ഛായാഗ്രഹണത്തോടൊപ്പം തന്നെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും അറിയപ്പെടുന്ന ചെസ് താരമായിരുന്നു എംപീസ് വേണുഗോപാൽ.

1880 ൽ ആണ് ഈ കുടുംബം ആദ്യമായി സ്റ്റുഡിയോ ആരംഭിക്കുന്നത്. അന്നത്തെ ഫ്രഞ്ച് മാഹിയിലായിരുന്നു കട ആരംഭിച്ചത്. വടകരയിലും പിന്നീട് കൊയിലാണ്ടിയിലും സ്റ്റുഡിയോ ആരംഭിക്കാൻ വൈദ്യുതിയ്ക്കായി കാത്തിരിക്കേണ്ടി വന്നു.

എം.പി.ബാലനായിരുന്നു എംപീസ് സ്റ്റുഡിയോയുടെ ഉടമ. എം.പി.ബാലൻ്റെ അമ്മാവൻ ദാമോദരൻ ഫ്രഞ്ച് പട്ടാളത്തിലായിരുന്നു. ഇദേഹത്തിൻ്റെ ഫോട്ടൊഗ്രഫിയിലെ കമ്പം മനസ്സിലാക്കിയ ഫ്രഞ്ച് പട്ടാളമാണ് ദാമോദരനെ ചേർത്തത്. മാഹിയിൽ ആദ്യമായി സ്റ്റുഡിയോ ആരംഭിക്കുന്നത് ദാമോദരനാണ്.

ചെറുപ്രായത്തിൽ തന്നെ പപ്പായ തണ്ട് കൊണ്ട് സൂര്യനെ നോക്കി ഫോക്കസ് ചെയ്യുന്നത് ദാമോദരന്റെ പതിവായിരുന്നു, ഫോട്ടോഗ്രഫിയോടുള്ള തന്റെ പ്രണയം ഒടുവിൽ വലിയ ചരിത്രങ്ങൾക്ക് തന്നെ വഴിയൊരുക്കി. തലമുറകളായി ഇവർ കൈമാറിയതും ക്യാമറയോടുള്ള പ്രിയമായിരുന്നു.


Also Read: കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ എംപീസ് വേണുഗോപാല്‍ അന്തരിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


അന്തരിച്ച വേണുഗോപാൽ, സഹോദരന്മാരായ വത്സകുമാർ, പാർത്ഥൻ എന്നിവരെല്ലാം അറിയപ്പെടുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർമാരായിരുന്നു. കൊടാക്ക് കമ്പനിയിലും സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായി മദിരാശിയിലും കോടമ്പാക്കത്തും എല്ലാം ഈ സഹോദരങ്ങൾ പ്രവർത്തിച്ചു. ഫോട്ടോഗ്രാഫി ചരിത്രത്തിലെ തന്നെ മറക്കാനാവാത്ത ഒരധ്യായമായി ഇവർ മാറി.ആദ്യമായി കളർ ഫോട്ടോഗ്രാഫി കോഴിക്കോട് ജില്ലയിൽ പരിചയപ്പെടുത്തുന്നത് ഈ സഹോദരങ്ങൾ തന്നെയാണ്.

മക്കൾക്ക് വേണ്ട നിർദ്ദേശം കൊടുക്കാനും സ്റ്റുഡിയോ നിയന്ത്രിക്കാനും അമ്മയായ ദേവകിയും ഒപ്പം തന്നെയുണ്ടായിരുന്നു. പുത്തൻ പരീക്ഷണങ്ങളെയും പുത്തൻ കാഴ്ചകളെയും അതിയായി പ്രണയിച്ച് സ്റ്റിൽ ഫോട്ടോഗ്രാഫി ചരിത്രത്തിലെ തന്നെ ഇതിഹാസമായ മാറിയ വേണുഗോപാലിൻ്റെ വേർപാടിലൂടെ കൊയിലാണ്ടിക്ക് നഷ്ടമായത് നാടിൻറെ മൂന്നാം കണ്ണിനെയാണ്.

പരേതനായ മാണിക്കോത്ത് പുതിയോട്ടിൽ ബാലൻ്റേയും കീഴലത്ത് ദേവകിയുടേയും മകനാണ് വേണുഗോപാൽ. സുജാതയാണ് ഭാര്യ.

മക്കൾ: ജൂണറ്റ്, സൂണറ്റ്, ജൂണ, ത്രീണോ. മരുമക്കൾ: നിധി, വിജിഷ, സോയ, ദിവ്യശ്രീ.

മറ്റുസഹോദരങ്ങൾ: പരേതയായ വനജ, മീര, രമ, ഗിരിജ, ശിവശങ്കരൻ ,രാജീവൻ.